കാശൂറ്റാൻ പെട്രോൾ പമ്പുകൾ; അടിമുടി നിയമലംഘനം; വാഹന ഉടമകളെ പിഴിയുന്നു

അനുദിനം കൂടുന്ന ഇന്ധന വില വർധനവിൽ പൊറുതിമുട്ടിയിരിക്കുകയാണ് കേരളത്തിലെ ലക്ഷക്കണക്കിന് വാഹന ഉടമകൾ. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ ഏറെയാണെങ്കിലും ബഹുഭൂരിപക്ഷം യാത്രക്കാരും സ്വന്തം നിലയിൽ ഇരുചക്ര വാഹനങ്ങളും കാറും ഉപയോഗിക്കുന്നവരാണ്.

 

കണ്ണൂർ: അനുദിനം കൂടുന്ന ഇന്ധന വില വർധനവിൽ പൊറുതിമുട്ടിയിരിക്കുകയാണ് കേരളത്തിലെ ലക്ഷക്കണക്കിന് വാഹന ഉടമകൾ. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ ഏറെയാണെങ്കിലും ബഹുഭൂരിപക്ഷം യാത്രക്കാരും സ്വന്തം നിലയിൽ ഇരുചക്ര വാഹനങ്ങളും കാറും ഉപയോഗിക്കുന്നവരാണ്. സാധാരണക്കാരുടെ വീട്ടുമുറ്റത്ത് പോലും ഒന്നോ രണ്ടോ വാഹനങ്ങളുണ്ട്. 

എന്നാൽ പൊള്ളുന്ന ഇന്ധന വിലയിൽ നട്ടം തിരിയുന്ന യാത്രക്കാരെ കൊള്ളയടിക്കാൻ സംസ്ഥാനത്തെ പെട്രോൾ പമ്പ് ഉടമകൾ മെഷീനിൽ ക്രമക്കേട് നടത്തുന്നുവെന്ന അളവുതൂക്കം വകുപ്പിൻ്റെ കണ്ടെത്തൽ ഇന്ധന ഉപഭോക്താക്കൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. സംസ്ഥാന സർക്കാരിൻ്റെ സിവിൽ സപ്ളൈസ് പമ്പുകളിൽ അടക്കം വ്യാപകമായ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയതോടെ ആരെ വിശ്വസിക്കണമെന്ന് അറിയാത്ത സാഹചര്യമാണുള്ളത്. 

സംസ്ഥാനത്തെ 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണെന്നു പരിശോധനയിൽ കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകൾക്കു 510 പമ്പുകൾക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസ് എടുക്കുകയും 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61), എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളിലാണ് നിയമലംഘന കേസുകൾ കൂടുതൽ. ഏറ്റവും കുറവ് വയനാട്ടിലുമാണ് (15).

രണ്ടര വർഷത്തിനിടെ നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയതെന്നു വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായി അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. അഞ്ചുലീറ്റർ ഇന്ധനം വിൽക്കുമ്പോൾ അതിൽ 25 മില്ലിലീറ്റർ കൂടുകയോ കുറയുകയോ ചെയ്യുന്നതിൽ പിഴവില്ലെന്നാണു നിയമത്തിലെ ഇളവ്. എന്നാൽ, ചില പമ്പുകളിൽ 100 മുതൽ 120 മില്ലിലീറ്റർ വരെ വ്യത്യാസമാണ് കണ്ടെത്തിയത്. കൊല്ലത്തു 29 പമ്പുകളിൽ പരിശോധന നടത്തിയതിൽ 4 ഇടത്ത് അളവിൽ കൃത്രിമം കണ്ടെത്തി. 

ഈ പമ്പുകളുടെ വിതരണം നിർത്തിവച്ച് നോട്ടിസ് നൽകിയിട്ടുണ്ടെന്നാണ് ഡപ്യൂട്ടി കൺട്രോളറുടെ വിശദീകരണം
അനുവദനീയമായ അളവ് വ്യത്യാസം മുതലെടുത്ത് പലയിടത്തും ക്രമക്കേട് നടക്കുന്നത്. നോസിൽ സീൽ ചെയ്യുമ്പോൾ തന്നെ 5 ലീറ്ററിന് 25 മില്ലിലീറ്റർ കുറച്ചുവയ്ക്കും. അപ്പോൾ 2 ലീറ്റർ ഇന്ധനം അടിക്കുന്നവർക്ക് 10 മില്ലിലീറ്റർ കുറയും. മെഷീനിലും ബില്ലിലും രണ്ടു ലീറ്റർ തന്നെ രേഖപ്പെടുത്തും. തട്ടിപ്പുകൾക്ക് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നെന്നും ആരോപണവും വ്യാപകമാണ്. ഒരു ലിറ്റർ പെട്രോളിന് സംസ്ഥാന സർക്കാർ ചുമത്തിയ സെസ് ഇതുവരെ പിൻവലിച്ചിട്ടില്ല.

കർണാടകയിലും മാഹിയിലും പെട്രോൾ-ഡീസൽ വില താരതമ്യേനെ കുറവാണ്. ഇവിടങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ ഇന്ധന കടത്തും നടക്കുന്നുണ്ട്. പെട്രോൾ -ഡീസൽ ഉൽപ്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പാർലമെൻ്റിൽ നിരവധി തവണ പ്രതിപക്ഷ എം .പി മാർ ഉന്നയിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര സർക്കാർ കേട്ട ഭാവം നടിക്കുന്നില്ല. വിലനിർണയത്തിനുള്ള അവകാശം ഇപ്പോഴും കോർപറേറ്ററുകൾക്ക് തീറെഴുതി കൊടുത്തതിനാൽ വില കൂട്ടാൻ തന്നെയാണ് അവർ ശ്രമിക്കുന്നത്. 

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില താഴുമ്പോഴും ഉപഭോക്താക്കൾക്ക് അതിൻ്റെ ഗുണമൊന്നും ലഭിക്കുന്നില്ല പെട്രോൾ പമ്പുകൾ പലതും നടത്തിവരുന്നത് എല്ലാവിധ നിയമങ്ങളും ലംഘിച്ചുകൊണ്ടാണ്. മായം കലർന്ന പെട്രോളുകളാണ് പലയിടങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന ഉപഭോക്താക്കളുടെ ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 

മണ്ണെണ്ണ അംശവും ഗന്ധവും അനുഭവപ്പെടുന്നുവെന്നാണ് എണ്ണയടിക്കുന്നവർ പറയുന്നത്. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ റെയ്ഡ് നടത്തുന്നതല്ലാതെ നിരന്തരം പരിശോധന വ്യാപകമായി നടക്കുന്നില്ല. പലപ്പോഴും വാഹന ഉടമകളും പമ്പുകാരും തമ്മിൽ സംഘർഷമുണ്ടാകുമ്പോഴാണ് അധികാര കേന്ദ്രങ്ങൾ ഉണരുന്നത്.