ചികിത്സാപ്പിഴവില്‍ കൈ നഷ്ടമായ വിനോദിനിക്ക് കൃത്രിമ കൈ ഘടിപ്പിച്ചു

 

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാപ്പിഴവ് മൂലമാണ് വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നത്.

 

കുട്ടിയെ നേരില്‍കണ്ട് പ്രതിപക്ഷ നേതാവ്

ചികിത്സാപ്പിഴവ് മൂലം കൈ മുറിച്ചുമാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒന്‍പതുവയസുകാരിയെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പുതിയ കൃത്രിമ കൈ കൊണ്ട് വി ഡി സതീശന് പൂച്ചെണ്ട് നല്‍കിയാണ് വിനോദിനി സ്വീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കില്‍വെച്ചാണ് വിനോദിനിയ്ക്ക് കൃത്രിമ കൈ ഘടിപ്പിച്ചത്. കുട്ടിയുടെ ചികിത്സയ്ക്കും കൃത്രിമ കൈ വയ്ക്കുന്നതിനും ആവശ്യമായ മുഴുവന്‍ തുകയും പ്രതിപക്ഷ നേതാവാണ് അടച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാപ്പിഴവ് മൂലമാണ് വിനോദിനിയുടെ വലതുകൈ മുറിച്ചുമാറ്റേണ്ടി വന്നത്.

സെപ്റ്റംബര്‍ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുന്നത്. ഉടന്‍ മാതാപിതാക്കള്‍ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിടുകയായിരുന്നു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ അധികൃതരുടെ പിഴവ് മൂലമാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നത് എന്നാണ് കുടുംബം ആരോപിച്ചത്. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര കുടുംബം ആരോഗ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ചികിത്സാ സഹായം വാഗ്ദാനം ചെയ്തിരുന്നു. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.