'വിജയരാഘവന് അമ്പലപ്പുഴയെ അറിയില്ല, കമ്മിറ്റി കൂടാന്‍ മാത്രമേ അദ്ദേഹം വന്നിട്ടുളളു': ജി സുധാകരന്‍

ചേര്‍ത്തലയിലെ സിറ്റിങ് എംഎല്‍എ പി പ്രസാദിന്റെ വിജയം തുലാസിലാണെന്നും ജി സുധാകരന്‍ പറഞ്ഞു.

 

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായാണ് ജി സുധാകരന്‍ വായിച്ചതെന്ന് വിജയരാഘവന്‍ പറഞ്ഞിരുന്നു.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. മരിക്കുന്നത് വരെ എംഎല്‍എ ആയിരിക്കണമെന്ന ആഗ്രഹം നടക്കാത്തത് കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന വിജയരാഘവന്റെ പരിഹാസത്തോടായിരുന്നു ജി സുധാകരന്റെ പ്രതികരണം. വിജയരാഘവന് അമ്പലപ്പുഴയെ അറിയില്ലെന്നും കമ്മിറ്റി കൂടാന്‍ മാത്രമേ അദ്ദേഹം വന്നിട്ടുളളുവെന്നും ജി സുധാകരന്‍ പറഞ്ഞു. മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ആയതെന്നും ജി സുധാകരന്‍ പരിഹസിച്ചു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായാണ് ജി സുധാകരന്‍ വായിച്ചതെന്ന് വിജയരാഘവന്‍ പറഞ്ഞിരുന്നു.

ചേര്‍ത്തലയിലെ സിറ്റിങ് എംഎല്‍എ പി പ്രസാദിന്റെ വിജയം തുലാസിലാണെന്നും ജി സുധാകരന്‍ പറഞ്ഞു. സിപിഐയില്‍ ആരും എനിക്കെതിരെ ഒന്നും പറഞ്ഞില്ല. പറഞ്ഞത് പി പ്രസാദ് മാത്രമാണ്. കുട്ടനാട്ടിലെ പ്രശ്നങ്ങളില്‍ ഇടപെട്ടയാളാണ് ഞാന്‍. ആ കാലത്ത് പ്രസാദ് ഉണ്ടായിരുന്നെങ്കില്‍ തുണി ഉരിഞ്ഞ് ഓടിയേനെ. പ്രസാദ് ഗുരുത്വമില്ലാത്തവനാണ്. കഴിഞ്ഞ തവണ ഒരു ചെറിയ പയ്യനോട് ആറായിരത്തില്‍പരം വോട്ടിനാണ് ജയിച്ചത്. എന്നിട്ട് വീരവാദം പറയുകയാ', ജി സുധാകരന്‍ പറഞ്ഞു. 

ജി സുധാകരന് മരിക്കുന്നത് വരെ എംഎല്‍എ ആകണമെന്നാണ് ആഗ്രഹമെന്നും അത് നടക്കാത്തത് കൊണ്ട് പാര്‍ട്ടി വിട്ട ഏക ആളാണ് ജി സുധാകരനെന്നുമാണ് എ വിജയരാഘവന്‍ പറഞ്ഞത്. സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാര്‍ട്ടിക്ക് നില്‍ക്കാന്‍ കഴിയില്ല എന്നും സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അര്‍ഹിക്കുന്നില്ല എന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.