KSEB ഓഫീസുകളിൽ സംസ്ഥാനവ്യാപകമായി വിജിലൻസ് റെയ്ഡ്; 16.5 ലക്ഷം രൂപ കണ്ടെടുത്തു

കെഎസ്ഇബിയിലെ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി സംസ്ഥാനവ്യാപകമായി  വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്' എന്ന പേരിൽ മിന്നൽപരിശോധന നടത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് ജനുവരി 16-ന് ഒരേസമയം പരിശോധന നടന്നത്

 

തിരുവനന്തപുരം: കെഎസ്ഇബിയിലെ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി സംസ്ഥാനവ്യാപകമായി  വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്' എന്ന പേരിൽ മിന്നൽപരിശോധന നടത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലാണ് ജനുവരി 16-ന് ഒരേസമയം പരിശോധന നടന്നത്. മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ 41 കെഎസ്ഇബി ഉദ്യോഗസ്ഥർ കരാറുകാരിൽനിന്നായി വാങ്ങിയതും കണക്കിൽപ്പെടാത്തതുമായ 16.50 ലക്ഷം രൂപ കണ്ടെടുത്തു.

പ്രധാന കണ്ടെത്തലുകൾ:

•ഡിജിറ്റൽ കൈക്കൂലി: വിവിധ സെക്ഷൻ ഓഫീസുകളിലെ 41 ഉദ്യോഗസ്ഥർ കരാറുകാരിൽ നിന്നായി 16,50,000/ രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രം കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. ഗൂഗിൾ പേ, യു.പി.ഐ മുഖേനയാണ് ഭൂരിഭാഗം ഇടപാടുകളും നടന്നിരിക്കുന്നത്.

• ടെൻഡർ അട്ടിമറി: ഇ-ടെൻഡർ നടപടികൾ ഒഴിവാക്കുന്നതിനായി വലിയ തുകയുടെ പ്രവൃത്തികളെ ചെറുകിട ക്വട്ടേഷനുകളായി വിഭജിച്ചു നൽകുന്ന രീതി പലയിടത്തും കണ്ടെത്തി.

• ഗുണനിലവാരമില്ലാത്ത പ്രവൃത്തികൾ: എസ്റ്റിമേറ്റ് പ്രകാരമുള്ള അളവിൽ സാധനങ്ങൾ ഉപയോഗിക്കാതെയും, പരിശോധനകൾ നടത്താതെയും കരാറുകാർക്ക് ബില്ലുകൾ മാറി നൽകുന്നതായും ബോധ്യപ്പെട്ടു,. എർത്ത് പൈപ്പുകൾ കൃത്യമായ അളവിൽ നൽകാതെയും മെറ്റൽ പോസ്റ്റുകളിൽ മഫിംഗ് നടത്താതെയും പണം അനുവദിച്ചിട്ടുണ്ട്.

• ബിനാമി ഇടപാടുകൾ: ഇടുക്കി പോലുള്ള ജില്ലകളിൽ ഉദ്യോഗസ്ഥർ തന്നെ ബിനാമി കരാറുകാരെ വെച്ച് ജോലികൾ ഏറ്റെടുത്ത് നടത്തുന്നതായി വിജിലൻസ് സംശയിക്കുന്നു. തൃപ്പൂണിത്തുറയിൽ സമർപ്പിച്ച വിവിധ ക്വട്ടേഷനുകളിലെ കൈയക്ഷരം ഒന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ജില്ലകൾ തിരിച്ചുള്ള വിവരങ്ങൾ:

• തിരുവനന്തപുരം: വർക്കലയിൽ സബ് എൻജിനീയർമാർ കരാറുകാരനിൽ നിന്ന് ഗൂഗിൾ പേ വഴി പണം കൈപ്പറ്റി.

• പത്തനംതിട്ട: അടൂർ സെക്ഷനിൽ ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് കരാർ നൽകിയതായും, തിരുവല്ലയിൽ ഉദ്യോഗസ്ഥന് വേണ്ടി കടയുടമ ഏജന്റായി പ്രവർത്തിച്ച് 1,67,000/ രൂപ കൈപ്പറ്റിയതായും കണ്ടെത്തി.

• ഇടുക്കി: കട്ടപ്പന സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ 2,35,700/ രൂപയും മറ്റ് ഉദ്യോഗസ്ഥർ ലക്ഷക്കണക്കിന് രൂപയും കൈക്കൂലി വാങ്ങി.

• എറണാകുളം: ചോറ്റാനിക്കരയിൽ താൽക്കാലിക ജീവനക്കാർ വഴി ഉദ്യോഗസ്ഥർ പണം പങ്കിട്ടെടുക്കുന്ന രീതി കണ്ടെത്തി.

• മലപ്പുറം: ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 34,000/ രൂപ വിജിലൻസ് പിടിച്ചെടുത്തു.

ക്രമക്കേടുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കരാറുകാരുടെയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ശേഖരിച്ച് വിശദമായ പരിശോധന നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. വരും ദിവസങ്ങളിലും ഫീൽഡ് വെരിഫിക്കേഷനുകൾ തുടരും.

അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ 1064 എന്ന ടോൾ ഫ്രീ നമ്പറിലോ, 8592900900 എന്ന നമ്പറിലോ, 9447789100 എന്ന വാട്‌സ്ആപ്പ് നമ്പറിലോ പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണെന്നും വിജിലൻസ് അറിയിച്ചു.