വിവാദ റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണം തുടരാന്‍ വിജിലന്‍സ്

അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടും.
 

കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണം തുടരാന്‍ വിജിലന്‍സ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടും.

റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിന്‍ ജേക്കബ് നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ പ്രാഥമിക പരിശോധന നടത്തിയത്. പിന്നാലെ ആന്തൂര്‍ നഗരസഭാ ഓഫീസിലും സംഘം പരിശോധന നടത്തിയിരുന്നു. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ആന്തൂര്‍ നഗര സഭ വഴി വിട്ട സഹായം തേടിയെന്ന പരാതിയിലായിരുന്നു നടപടി. നിലവില്‍ പ്രാഥമിക അന്വേഷണമാണ് നടത്തുന്നതെങ്കിലും റിസോര്‍ട്ടില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നാണ് വിജിലന്‍സ് പറയുന്നത്. കെട്ടിട നിര്‍മ്മാണ എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘത്തെ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. റിസോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഈ നീക്കം. ഇതിനായി വിജിലന്‍സ് ആസ്ഥാനത്ത് നിന്നും അനുമതി തേടും. ഇതിനു ശേഷമാകും പരാതിയില്‍ കേസെടുക്കണമോയെന്ന കാര്യം തീരുമാനിക്കുക.