അനധികൃത സ്വത്തുസമ്പാദന കേസ് ; ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ് ; 14 ലക്ഷം രൂപയും വിദേശ കറൻസിയും പിടിച്ചെടുത്തു

അനധികൃത സ്വത്തുസമ്പാദന കേസിൽ സംസ്ഥാന ജിഎസ്ടി ടാക്സ്പേയർ സർവീസ് (ടിപിഎസ്) ജോയിന്റ് കമ്മീഷണർ പ്രജനീ രാജന്റെ (50) വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 അമേരിക്കൻ ഡോളറും വിജിലൻസ് പിടിച്ചെടുത്തു. എറണാകുളം വിജിലൻസ് സ്പെഷൽ സെൽ ഇൻസ്പെക്ടർ എ.ജി. ബിബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ സംസ്ഥാന ജിഎസ്ടി ടാക്സ്പേയർ സർവീസ് (ടിപിഎസ്) ജോയിന്റ് കമ്മീഷണർ പ്രജനീ രാജന്റെ (50) വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 അമേരിക്കൻ ഡോളറും വിജിലൻസ് പിടിച്ചെടുത്തു. എറണാകുളം വിജിലൻസ് സ്പെഷൽ സെൽ ഇൻസ്പെക്ടർ എ.ജി. ബിബിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂവാറ്റുപുഴ വിജിലൻസ് കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 27 ന് രാവിലെ 9 മണിക്ക് ആരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടർന്നു. പച്ചാളം ഇരട്ടക്കുളങ്ങര റോഡിലെ ‘പ്രജനീ വിലാസ്’ വസതിയിലും തേവര ജിഎസ്ടി കോംപ്ലക്സിലെ ഓഫിസിലുമാണ് സംഘം പരിശോധന നടത്തിയത്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ എടുക്കുന്ന കേസുകളിൽ അന്തിമ നടപടിയും അംഗീകാരവും നൽകേണ്ട പ്രധാന ചുമതല പ്രജനീ രാജനായിരുന്നു. എന്നാൽ, വൻകിട നികുതി വെട്ടിപ്പുകാരിൽ നിന്ന് വൻതോതിൽ കൈക്കൂലി വാങ്ങി പ്രമുഖരുടെ കേസുകൾ ഒത്തുതീർപ്പാക്കിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് ഇയാൾക്കെതിരെ നീക്കം ആരംഭിച്ചത്. പണത്തിനു പുറമേ നിരവധി നിർണായക രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകൾ വിശദമായ പരിശോധനയ്ക്കും വിശകലനത്തിനും വിധേയമാക്കുമെന്നും, അതിനുശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുകയുള്ളൂ എന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.