പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണം ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
സി.പി.എം. നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ദിവ്യക്കെതിരായ പരാതിയും ഫയലും പരിശോധിച്ചപ്പോൾ ഇതൊരു വിജിലൻസ് അന്വേഷണത്തിന് അനുയോജ്യമായ കേസാണെന്ന് (Fit case for vigilance enquiry) ബോധ്യപ്പെടുകയായിരുന്നു. അതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: സി.പി.എം. നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ദിവ്യക്കെതിരായ പരാതിയും ഫയലും പരിശോധിച്ചപ്പോൾ ഇതൊരു വിജിലൻസ് അന്വേഷണത്തിന് അനുയോജ്യമായ കേസാണെന്ന് (Fit case for vigilance enquiry) ബോധ്യപ്പെടുകയായിരുന്നു. അതിനാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പി.സി. ആക്ട് സെക്ഷൻ 17 (എ) പ്രകാരമുള്ള അന്വേഷണ അനുമതി നൽകേണ്ടിയിരുന്നതാണെന്നും, എന്നാൽ അന്ന് അനുമതി നൽകാതെ ഫയൽ പരിശോധനയ്ക്കായി മാറ്റിവെക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും പരാതി ലഭിച്ചപ്പോഴാണ് ഫയൽ തന്റെ അടുക്കലെത്തിയത്. കേസിൽ സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുവരട്ടെയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ നടത്തിയ ക്രമക്കേടുകളിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ടെൻഡർ ഇല്ലാതെ 'കാർടൺ ഇന്ത്യ' കമ്പനിക്ക് നിർമാണ കരാർ നൽകിയെന്ന കെ.എസ്.യു. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസിന്റെ പരാതിയിലാണ് ആഭ്യന്തരവകുപ്പ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഈ കമ്പനി ദിവ്യയുടെ ബിനാമിയാണെന്നാണ് പരാതിയിലുള്ളത്. കൂടാതെ പി.പി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു.