ക്ഷേമനിധി ബോർഡുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന: വ്യാപക ക്രമക്കേടുകൾ കണ്ടെത്തി
സംസ്ഥാനത്തെ തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പ്രോജക്ട് സീറോയുടെ ഭാഗമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം 'ഓപ്പറേഷൻ വെൽഫെയർ ഫണ്ട്' എന്ന പേരിൽ 16 ക്ഷേമനിധി ബോർഡുകളുടെ 78 ഓഫീസുകളിലായിരുന്നു പരിശോധന. മരണപ്പെട്ട അംഗങ്ങളുടെ പേരിൽ തുടർച്ചയായി പെൻഷൻ അനുവദിക്കുകയും തുക തിരിച്ചുപിടിക്കാൻ നടപടിയെടുക്കാതിരിക്കുകയുമാണ് ബോർഡുകളിൽ കണ്ടെത്തിയ പ്രധാന ക്രമക്കേടുകളിലൊന്ന്
തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പ്രോജക്ട് സീറോയുടെ ഭാഗമായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം 'ഓപ്പറേഷൻ വെൽഫെയർ ഫണ്ട്' എന്ന പേരിൽ 16 ക്ഷേമനിധി ബോർഡുകളുടെ 78 ഓഫീസുകളിലായിരുന്നു പരിശോധന. മരണപ്പെട്ട അംഗങ്ങളുടെ പേരിൽ തുടർച്ചയായി പെൻഷൻ അനുവദിക്കുകയും തുക തിരിച്ചുപിടിക്കാൻ നടപടിയെടുക്കാതിരിക്കുകയുമാണ് ബോർഡുകളിൽ കണ്ടെത്തിയ പ്രധാന ക്രമക്കേടുകളിലൊന്ന്. എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ ഈ ക്രമക്കേട് സ്ഥിരീകരിച്ചിട്ടുണ്ട്. ആനുകൂല്യങ്ങൾ ലഭിച്ചതായി രേഖകളിലുണ്ടെങ്കിലും യഥാർത്ഥ ഗുണഭോക്താക്കളിൽ പലർക്കും തുക ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി. എറണാകുളത്ത് പരിശോധിച്ച 20 ഗുണഭോക്താക്കളിൽ 6 പേർക്കും തുക ലഭിച്ചിട്ടില്ല.
തൊഴിലാളികളിൽ നിന്നും തൊഴിലുടമകളിൽ നിന്നും പിരിച്ചെടുത്ത അംശദായം കൃത്യമായി ബോർഡിൽ അടയ്ക്കാത്തതും തുക അപഹരിച്ചതായി സംശയിക്കുന്നതുമായ സംഭവങ്ങളും പുറത്തുവന്നു. മലപ്പുറത്ത് 6.76 ലക്ഷം രൂപയുടെ തൊഴിലുടമാ വിഹിതം പിരിച്ചെടുത്തിട്ടില്ല. വയനാട്ടിലും സമാനമായ കുടിശ്ശികയുണ്ട്.ബാങ്ക് അക്കൗണ്ടുകളിലെ തുകയും രേഖകളിലെ ബാലൻസും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ട്. പത്തനംതിട്ടയിൽ ഒരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടിൽ സംശയാസ്പദമായ രീതിയിൽ 4.46 ലക്ഷത്തോളം രൂപയുടെ യു.പി.ഐ ഇടപാടുകൾ നടന്നിട്ടുണ്ട്. ഇടുക്കിയിലും സമാനമായി അനധികൃത ഇടപാടുകൾ കണ്ടെത്തി. കൂടാതെ പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ മതിയായ ഉത്തരവുകളോ ചട്ടങ്ങളോ പാലിക്കാതെ താൽക്കാലിക ജീവനക്കാരെ നിയമിക്കുകയും ശമ്പളം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ പരിശോധന നടത്തി കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064, 8592900900 അല്ലെങ്കിൽ വാട്സാപ്പ് നമ്പറായ 9447789100 എന്നിവയിൽ അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.