ജഡ്ജിമാരെ വ്യക്തിപരമായി ആക്രമിക്കുകയും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഇകഴ്ത്തുകയും ചെയ്യുന്ന വിഡിയോ : യൂട്യൂബർക്ക് ആറുമാസം തടവ്
ചില ജഡ്ജിമാരെ വ്യക്തിപരമായി ആക്രമിക്കുകയും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഇകഴ്ത്തുകയും ചെയ്യുന്ന വിഡിയോകൾ പോസ്റ്റ് ചെയ്തതിന് ഡൽഹി ഹൈകോടതി യൂട്യൂബറെ ആറുമാസം തടവിന് ശിക്ഷിച്ചു. ഗുൽഷൻ പഹുജ എന്നയാൾക്കെതിരെയാണ് നടപടി.
ന്യൂഡൽഹി : ചില ജഡ്ജിമാരെ വ്യക്തിപരമായി ആക്രമിക്കുകയും നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് ഇകഴ്ത്തുകയും ചെയ്യുന്ന വിഡിയോകൾ പോസ്റ്റ് ചെയ്തതിന് ഡൽഹി ഹൈകോടതി യൂട്യൂബറെ ആറുമാസം തടവിന് ശിക്ഷിച്ചു. ഗുൽഷൻ പഹുജ എന്നയാൾക്കെതിരെയാണ് നടപടി.
ഇയാൾ ഖേദം പ്രകടിപ്പിക്കുകയോ തിരുത്തൽ നടത്തുകയോ ചെയ്തിട്ടില്ലെന്നും ശിക്ഷിച്ചില്ലെങ്കിൽ ഇത്തരം നടപടികൾ ആവർത്തിക്കുമെന്നും ജസ്റ്റിസുമാരായ നവീൻ ചൗള, രവീന്ദർ ദുഡേജ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘‘നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് താൻ വിഡിയോ ചെയ്തതെന്ന് അയാൾ വാദിക്കുന്നു.
എന്നാൽ, ഈ കോടതിയിൽ കൂടുതൽ അപകീർത്തികരമായ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് അവഹേളനം തുടരുന്നു. അയാൾ ഒരു ദയയും അർഹിക്കുന്നില്ല’’ -ബെഞ്ച് നിരീക്ഷിച്ചു. ആറുമാസം തടവിന് പുറമേ 2000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പ്രതിക്ക് സുപ്രീംകോടതിയെ സമീപിക്കാൻ സാവകാശം നൽകുന്നതിന് ശിക്ഷ 60 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. സുപ്രീംകോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിക്കുന്നില്ലെങ്കിൽ 60 ദിവസത്തിനുശേഷം രജിസ്ട്രാർ ജനറലിന് മുമ്പാകെ കീഴടങ്ങാനും കോടതി പഹുജയോട് ആവശ്യപ്പെട്ടു.