മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ വിധി ഇന്ന്

മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതല്‍ കേസില്‍ തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.19 വർഷത്തിനുശേഷമാണ് വിധി പറയുന്നത്.

 

1990-ല്‍ തിരുവനന്തപുരത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

തിരുവനന്തപുരം:  മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടി മുതല്‍ കേസില്‍ തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.19 വർഷത്തിനുശേഷമാണ് വിധി പറയുന്നത്. 1990 ല്‍ ഓസ്ടേലിയൻ പൗരൻ പ്രതിയായ ലഹരി കടത്ത് കേസില്‍ തൊണ്ടിമുതലില്‍ കൃത്രിമം നടത്തി പ്രതിക്കെതിരായ കേസ് അട്ടിമറിച്ചെന്നാണ് ആന്റണി രാജുവിനെതിരായ ആരോപണം.

ആന്റണി രാജു, തിരുവനന്തപുരം സെഷൻസ് കോടതി ക്ലർക്ക് എസ്.ജോസ് എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. 10 വർഷം മുതല്‍ ജീവപര്യന്തം കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അടിവസ്ത്രത്തില്‍ ലഹരി ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച കേസില്‍ പ്രതിയെ തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ കോടതി പ്രതിയെ വെറുതെ വിട്ടു. പ്രതി ഉപയോഗിച്ചെന്ന് പറയപ്പെടുന്ന അടിവസ്ത്രം അയാള്‍ക്ക് പാകമല്ലെന്നും വ്യാജമാണെന്നുമുള്ള വാദം കണക്കിലെടുത്താണ് കോടതി വെറുതെ വിട്ടത്.

എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ കോടതി ജീവനക്കാരനെ സ്വാധീനിച്ച്‌ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. പൊലീസ് 2008 ല്‍ ഇതുസംബന്ധിച്ച്‌ കോടതിയില്‍ റിപ്പോർട്ട് നല്‍കിയെങ്കിലും വിചാരണ അനന്തമായി നീളുകയായിരുന്നു. കേസ് അനന്തമായി നീളുന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസില്‍ വീണ്ടും നടപടികള്‍ വേഗത്തിലായത്.

1990-ല്‍ തിരുവനന്തപുരത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാല്‍വദോർ സർവലി പിടിയിലാകുന്നു. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയർ സെലിൻ വില്‍ഫ്രഡുമായി ചേർന്നാണ് പ്രതിയുടെ വക്കാലത്തെടുത്തിരുന്നത്. എന്നാല്‍ കേസ് തോറ്റു. പ്രതിക്ക് ശിക്ഷ വിധിച്ച്‌ കോടതി ഉത്തരവിറക്കി.

തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. കുഞ്ഞിരാമ മേനോൻ ആയിരുന്നു പ്രതിയുടെ അഭിഭാഷകൻ. വാദത്തിനൊടുവില്‍ പ്രതിയെ കോടതി വെറുതെവിട്ടു. പ്രതിയെ കുറ്റവിമുക്തനാക്കാൻ കോടതി കണ്ടെത്തിയ പ്രധാന കാരണം, തൊണ്ടിമുതലായി ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്നതായിരുന്നു. കേസില്‍ നിന്ന് മോചിതനായതോടെ പ്രതി ആൻഡ്രൂ രാജ്യം വിടുകയും ചെയ്തു.

ആൻഡ്രൂ സാല്‍വദോർ സർവലിയെ വെറുതെ വിട്ടതിന് പിന്നാലെ കേസില്‍ കൃത്രിമം നടന്നുവെന്ന് കാട്ടി പരാതി ഉയർന്നു. മൂന്ന് വർഷം നീണ്ട പരിശോധനയ്‌ക്കൊടുവില്‍ വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതി നിർദേശം നല്‍കി. 2006ല്‍ തിരുവനന്തപുരം കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. കോടതിയില്‍ സൂക്ഷിച്ചിരുന്ന പ്രതിയുടെ അടിവസ്ത്രം ക്ലർക്കിന്റെ സഹായത്തോടെ വാങ്ങിയ ആന്റണി രാജു അത് വെട്ടിച്ചെറുതാക്കിയെന്ന് ഫോറൻസിക് പരിശോധനയില്‍ വ്യക്തമായെന്ന് കുറ്റപത്രത്തില്‍ പറയുന്നു.