വെള്ളാപ്പള്ളിയല്ല എൽഡിഎഫ് , പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുകയാണ്; 'ചതിയൻ ചന്തു' പ്രയോഗം ചേരുന്നത് അദ്ദേഹത്തിന് തന്നെ- ബിനോയ് വിശ്വം
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ നടത്തിയ 'ചതിയൻ ചന്തു' പരാമർശത്തിനെതിരെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആ പ്രയോഗം ഏറ്റവും കൂടുതൽ ചേരുന്നത് വെള്ളാപ്പള്ളിയുടെ തലയ്ക്ക് തന്നെയാണെന്ന് ബിനോയ് വിശ്വം പരിഹസിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തനങ്ങൾക്കും അതിലെ ഘടകകക്ഷികൾക്കും മാർക്കിടാൻ വെള്ളാപ്പള്ളിയെ ആരും ഏൽപ്പിച്ചിട്ടില്ലെന്നും ഇനി ഏൽപ്പിക്കാൻ പോകുന്നില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷ മുന്നണി ഒരിക്കലും വെള്ളാപ്പള്ളിയാകാൻ പാടില്ലെന്നും, പാർട്ടിയുടെ മുഖമല്ല അദ്ദേഹമെന്നും ബിനോയ് വിശ്വം കടുത്ത ഭാഷയിൽ പറഞ്ഞു.
സിപിഐക്കതിരെ രൂക്ഷ വിമർശനമായിരുന്നു വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത്. പത്തുവർഷം കൂടെ നിന്ന് എല്ലാം നേടിയിട്ട് ഇപ്പോൾ തള്ളിപ്പറയുകയാണെന്നും സിപിഐയിൽ ചതിയൻ ചന്തുമാരാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിമർശിക്കേണ്ടത് പാർട്ടിക്കുള്ളിൽ ആണെന്നും പുറത്തല്ല ഇങ്ങനെ വിമർശിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.