വെള്ളാപ്പള്ളിയുടെ മുദ്രാവാക്യം എൽ.ഡി.എഫിന് നേട്ടമാവില്ല : വി. മുരളീധരൻ
നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം എന്ന വെള്ളാപ്പള്ളി നടേശന്റെ മുദ്രാവാക്യം എൽ.ഡി.എഫിന് നേട്ടമാവില്ലെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്.
ദുബൈ: നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യം എന്ന വെള്ളാപ്പള്ളി നടേശന്റെ മുദ്രാവാക്യം എൽ.ഡി.എഫിന് നേട്ടമാവില്ലെന്ന് ബി.ജെ.പി നേതാവ് വി. മുരളീധരൻ. ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്.
എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യം എന്നത് കാലങ്ങളായി ബി.ജെ.പി മുന്നോട്ട് വെക്കുന്ന ആശയമാണ്. ഹിന്ദു ഐക്യത്തിന് വേണ്ടി മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇന്നുവരെ നിലപാടെടുത്തിട്ടില്ല. കേരളത്തിലെ ഹിന്ദു സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നത് കാലഘട്ടത്തിൻറെ ആവശ്യമാണെന്നും അതിന് വേണ്ടിപ്രവർത്തിക്കണമെന്നതും ബി.ജെ.പി മാത്രമാണ് ആവശ്യപ്പെട്ടത്.
കോൺഗ്രസോ സി.പി.എമ്മോ ഒരിക്കലും ഹിന്ദു ഐക്യം പറഞ്ഞിട്ടില്ല. സനാതനധർമ്മം വൈറസാണെന്ന് പറയുന്നവരാണ് സി.പി.എം -അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് വന്നാൽ ഭരിക്കുന്നത് മുസ്ലിം ലീഗ് ആണ്. മുസ്ലിം ലീഗ് 30 സീറ്റും മുഖ്യമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിരിക്കുകയാണ്.
മുസ്ലിം ലീഗ് വളർത്തുന്ന വർഗീയ നിലപാടിനോടുള്ള പ്രതികരണമാണ് വെള്ളാപ്പള്ളി നടത്തിയത്. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മുസ്ലിം ലീഗ് പിന്തുണ നൽകുകയാണ്. മുസ്ലിംലീഗ് പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ -അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.