വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം അപലപനീയം; സിപിഐഎം മലപ്പുറം

ഏതെങ്കിലും മത വിഭാഗത്തിന്റെ ഭൂമികയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി പി അനില്‍ പറഞ്ഞു.

 

മതനിരപേക്ഷ പാരമ്പര്യം മുറുകെ പിടിക്കുന്ന ജില്ലയാണ് മലപ്പുറം. എല്ലാ ജാതി-മത വിഭാഗങ്ങളും ഒരുമയിലും സൗഹാര്‍ദ്ദത്തിലും ജീവിക്കുന്ന നാടാണ് മലപ്പുറം

മലപ്പുറം ജില്ലയെ കുറിച്ചുള്ള എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം അപലപനീയമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി പി അനില്‍. ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറഞ്ഞത്. സമൂഹത്തില്‍ സ്പര്‍ദ്ധയും ഭിന്നിപ്പും സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം പ്രസ്താവനകള്‍ ഉപകരിക്കുന്നുവെന്നും വി പി അനില്‍ പ്രസ്താവനയില്‍ പറഞ്ഞു.

മതനിരപേക്ഷ പാരമ്പര്യം മുറുകെ പിടിക്കുന്ന ജില്ലയാണ് മലപ്പുറം. എല്ലാ ജാതി-മത വിഭാഗങ്ങളും ഒരുമയിലും സൗഹാര്‍ദ്ദത്തിലും ജീവിക്കുന്ന നാടാണ് മലപ്പുറം. അതിനെ ഏതെങ്കിലും മത വിഭാഗത്തിന്റെ ഭൂമികയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി പി അനില്‍ പറഞ്ഞു.

ജനങ്ങളില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് വളമേകാന്‍ മാത്രമേ വെള്ളാപ്പള്ളിയുടെ പ്രസ്താവന ഉപകരിക്കൂ. നാരായണ ഗുരുവിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ ഇത്തരം നിലപാടുകള്‍ എസ്എന്‍ഡിപിയുടെ തലപ്പത്തിരിക്കുന്ന നേതാവില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും വി പി അനില്‍ പറഞ്ഞു.

മലപ്പുറം പ്രത്യേക രാജ്യമാണെന്നും ഈഴവര്‍ക്ക് ജില്ലയില്‍ അവഗണനയാണന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം.