വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകും : മുന്നറിയിപ്പ് നൽകി സി.പി.ഐ 

വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്കു ബാധ്യതയാകുമെന്ന് മുന്നറിയിപ്പ് നൽകി സി.പി.ഐ. എസ്‌.എൻ.ഡി.പി യോഗം കേരള ചരിത്രത്തിന്‍റെ ഭാഗമാണെങ്കിലും അത്തരത്തിലുള്ള
 

 പാലക്കാട്: വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്കു ബാധ്യതയാകുമെന്ന് മുന്നറിയിപ്പ് നൽകി സി.പി.ഐ. എസ്‌.എൻ.ഡി.പി യോഗം കേരള ചരിത്രത്തിന്‍റെ ഭാഗമാണെങ്കിലും അത്തരത്തിലുള്ള ഇടപെടലുകളല്ല ഇപ്പോൾ വെള്ളാപ്പള്ളി നടേശന്‍റെ നേതൃത്വത്തിലുള്ള എസ്.എൻ.ഡി.പിയിൽ നിന്ന് ഉണ്ടാകുന്നതെന്നും സി.പി.ഐ വിലയിരുത്തി.

സി.പി.ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ വിലയിരുത്തലുണ്ടായത്. ഇത്തരം ആളുകളോ സംഘടനകളോ ആയുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങൾക്ക് എൽ.ഡി.എഫിനെതിരെ സംശയമുയരാൻ കാരണമാകും. അതിനാൽ ഈ വിഷയത്തിൽ ഇടതുമുന്നണിയുടെ ഭാഗത്ത് നിന്ന് അതീവ ജാഗ്രത വേണമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രിയും സി.പി.എമ്മും നൽകുന്ന സംരക്ഷണത്തെ പരസ്യമായി തള്ളിപ്പറഞ്ഞും തുറന്നടിച്ചും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്​ വിശ്വം രംഗത്തെത്തിയിരുന്നു. വെള്ളാപ്പള്ളിയല്ല എൽ.ഡി.എഫെന്നും ചതിയൻ ചന്തു എന്ന പേരും ​തൊപ്പിയും ആയിരം വട്ടം ചേരുക ആ തലക്കാണെന്നും ബിനോയ്​ വിശ്വം പറഞ്ഞിരുന്നു. മുഖ്യമ​ന്ത്രി​യുടെ കാറിൽ വെള്ളാപ്പള്ളി കയറിയതുമായി ബന്ധപ്പെട്ട ചോദ്യമുയർന്നപ്പോൾ ‘അദ്ദേഹത്തെ കണ്ടാൽ ഞാൻ ചിരിക്കും, ചിലപ്പോൾ കൈ കൊടുക്കും, പക്ഷേ കാറിൽ കയറ്റില്ല’ എന്ന് ബിനോയ് വിശ്വം വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.

സി.പി.ഐ പണം വാങ്ങിയെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തിനെതിരെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. സി.പി.ഐക്കാർ ഫണ്ട് വാങ്ങിക്കാണും. എന്നാൽ തെറ്റായ വഴിക്ക് ഒറ്റ പൈസ പോലും വാങ്ങിയിട്ടില്ല. അങ്ങനെ വെള്ളാപ്പള്ളി പറഞ്ഞാൽ പണം തിരികെ നൽകുമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.