ഞാൻ ഒരു സമുദായത്തിനും എതിരല്ല,  എന്റെ സമുദായത്തിന്റെ ദു:ഖമാണ് പറഞ്ഞത് :  വെള്ളാപ്പള്ളി നടേശൻ

സത്യം പറഞ്ഞതിന്റെ പേരിൽ താൻ വേട്ടയാടപ്പെടുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയാനുള്ളത് നേരെ അങ്ങ് പറയുമെന്നും വളച്ചൊടിച്ച് പറയാൻ തനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

 



കണ്ണൂർ: സത്യം പറഞ്ഞതിന്റെ പേരിൽ താൻ വേട്ടയാടപ്പെടുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പറയാനുള്ളത് നേരെ അങ്ങ് പറയുമെന്നും വളച്ചൊടിച്ച് പറയാൻ തനിക്ക് അറിയില്ലെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

'ജാതി പറഞ്ഞ് സംഘടിച്ചവരും മതം പറഞ്ഞ് സംഘടിച്ചവരും ഉണ്ട്. മതം പറഞ്ഞ് സംഘടിച്ചവർ എവിടെയെത്തിയെന്ന് ആലോചിക്കണം. മതമാണ് മതമാണ് എന്ന് പറഞ്ഞവരെക്കുറിച്ച് ചർച്ചയില്ല. ഞാൻ ആണ് പറഞ്ഞതെങ്കിൽ എന്റെ തല എടുത്തേനെ. സത്യം പറഞ്ഞതിന്റെ പേരിൽ ഞാൻ വേട്ടയാടപ്പെടുന്നു. ഞാൻ ഒരു സമുദായത്തിനും എതിരല്ല. എന്റെ സമുദായത്തിന്റെ ദു:ഖമാണ് പറഞ്ഞത്. ലീഗിനെ ആണ് പറഞ്ഞത്, മുസ്‌ലിമിനെ അല്ല', വെള്ളാപ്പള്ളി പറഞ്ഞു.

10 വർഷം എൽഡിഎഫ് ഭരിച്ചെങ്കിൽ അത് നയിച്ചവരുടെ ഗുണമാണ്. പോയത് ആരുടെ പ്രശ്‌നം കൊണ്ടാണെന്ന് പരിശോധിക്കട്ടെയെന്നും വെള്ളപ്പാള്ളി കൂട്ടിച്ചേർത്തു. തന്റെ കുഴപ്പമാണെങ്കിൽ വടക്ക് എങ്ങനെ ഇത്രവോട്ട് കിട്ടിയെന്നും എന്താണ് പ്രശ്‌നം എന്ന് പഠിക്കാൻ അല്ലേ നോക്കേണ്ടതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

മുൻ സ്പീക്കർ എ എൻ ഷംസീറിനും വെള്ളാപ്പള്ളി മറുപടി നൽകി. ഷംസീർ ഗണപതി മിത്ത് ആണെന്ന് പറഞ്ഞില്ലേയെന്ന് അദ്ദേഹം ചോദിച്ചു. മതപ്പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു. അവർക്ക് ഇന്ന് നിയമസഭയിൽ ഭരിക്കാനുള്ള സീറ്റ് ആയില്ലേ. മതം പറഞ്ഞ് നടന്നവർ എവിടെ എത്തി എന്ന് നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറത്ത് നിന്ന് ഒരു ആവശ്യം വന്നാൽ ചട്ടം ഉണ്ടാക്കുന്നു, നിയമം ഉണ്ടാക്കുന്നു. മലപ്പുറത്ത് മാത്രമല്ല കാസർകോടും ഈഴവ സമുദായത്തിന് ഒന്നും കിട്ടുന്നില്ല. ഈ ദുഃഖം മലപ്പുറത്ത് ഇരുന്ന് പറഞ്ഞാൽ കുലദ്രോഹി ആയി ചിത്രീകരിക്കുന്ന കാലമാണിതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

ജാതിയാണോ താൻ പറഞ്ഞത്, താൻ നീതിയാണ് പറഞ്ഞത്. മറ്റ് സമുദായക്കാർ പറഞ്ഞാൽ നീതി, തങ്ങൾ പറഞ്ഞാൽ ജാതി. അതാണ് അവസ്ഥയെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

പിഎസ്‌സിയിൽ മുസ്‌ലിം പ്രാതിനിധ്യം ശരിയാക്കിയപ്പോൾ ഈഴവരെ തിരിഞ്ഞു നോക്കിയില്ല. അയിത്തം കൽപ്പിച്ച് മാറ്റിനിർത്തുന്ന രീതിയാണ് അന്നും ഇന്നും. എന്നും നീതി നിഷേധിക്കപ്പെട്ട വിഭാഗമാണ് നമ്മൾ. ജാതി സംവരണം ചെയ്ത നാട്ടിൽ ജാതി പറഞ്ഞാൽ അപമാനമാണോ. തനിക്ക് അഭിമാനമാണ്. തന്നെ സ്ഥിരമായി ചാനൽ ചർച്ചകളിൽ വിമർശിക്കുന്നു. പത്മഭൂഷൺ കിട്ടിയതിന്റെ പേരിൽ തന്നെ എന്തെല്ലാമാണ് പറഞ്ഞത്. അതിനൊന്നും താൻ ഒന്നും പറയാൻ പോയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.