എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കിയതിനെതിരെ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ

 

കൊച്ചി: എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കിയ നടപടിക്കെതിരെ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർച്ചയായി റിട്ടേൺ സമർപ്പിച്ചില്ല എന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലിൽ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനിൽക്കില്ലെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം.

മൂന്നുവർഷം തുടർച്ചയായി റിട്ടേൺ സമർപ്പിക്കാതെ ഇരുന്നാൽ മാത്രമേ സെക്ഷൻ 164( 2) ബാധകമാവുകയുള്ളൂ. നിലവിൽ സ്റ്റേ ചെയ്ത ഒരു നിയമത്തെ അടിസ്ഥാനമാക്കിയാണ് സിംഗിൾ ബെഞ്ച് അയോഗ്യത കൽപ്പിച്ചത്. കേന്ദ്ര സർക്കാർ കമ്പനി നിയമപ്രകാരം ഡിൻ നമ്പറുകൾ അപ്പീലർമാർ ഹാജരാക്കിയിരുന്നു. ഡിൻ നൽകുന്നതിനായി സംസ്ഥാന സർക്കാർ ഒരു നിയമവും രൂപീകരിച്ചിട്ടില്ല. കൂടാതെ എസ്എൻഡിപി യോഗം സംസ്ഥാനത്തിന് പുറത്തും പ്രവർത്തിക്കുന്ന കമ്പനിയാണെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളി നടേശന്റെ വാദം. ദേശീയ ട്രിബ്യൂണലിന് മാത്രമാണ് കമ്പനി ഡയറക്ടർമാരെ അയോഗ്യരാക്കാൻ ആവുകയെന്നും അപ്പീലിൽ പറയുന്നുണ്ട്.