വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല ; എം.എ. ബേബി

 

തിരുവനന്തപുരം : എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. നമ്മളതിനെ തള്ളിക്കളയണം. എന്താണ് അവർ യാഥാർഥ്യബോധത്തോടെ സാഹചര്യത്തെ കാണാത്തതെന്നും ബേബി ചോദിച്ചു. എസ്.എൻ.ഡി.പിക്ക് ബി.ജെ.പിയുമായി അടുക്കാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‌ശ്രീനാരായണ ധർമ പരിപാലന യോ​ഗമല്ലേ, ബി.ജെ.പിയുമായി ആളുകൾ മനസിലാക്കുന്ന തരത്തിലുള്ള ഒരു കൂട്ടുകെട്ടിൽ ഏർപ്പെടാൻ അവർക്കു കഴിയില്ലെന്നായിരുന്നു എം.എ ബേബിയുടെ പ്രതികരണം. വെള്ളാപ്പള്ളി നവോഥാന സമിതിയിൽ തുടരുമോ എന്ന ചോദ്യത്തിന് അതുമായി ബന്ധപ്പെട്ടവർ ഉചിതമായി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ രംഗത്തുവന്നു. വെള്ളാപ്പള്ളിയെ ജനങ്ങൾക്കറിയാമെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയെ മറ്റൊരു രീതിയിൽ ​കാണേണ്ടെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 11ന് വെള്ളാപ്പള്ളിക്ക് സ്വീകരണം നൽകുന്ന പരിപാടിയിൽ താൻ പ​​ങ്കെടുക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി. ​മുഖ്യമ​ന്ത്രിയാണ് പരിപാടിയിൽ ഉദ്ഘാടകൻ. പരിപാടിക്ക് പോകുന്നതുകൊണ്ട് എന്തെങ്കിലും രാഷ്ട്രവിരുദ്ധത ഉണ്ടെന്ന ധാരണ തനിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

മലപ്പുറം പ്രത്യേകവിഭാഗം ആളുകളുടെ രാജ്യവും സംസ്ഥാനവുമാണെന്നും സ്വതന്ത്രമായ വായുപോലും ഇവി​​ടെ ലഭിക്കുന്നില്ലെന്നുമാണ് വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞദിവസം പ്രസംഗിച്ചത്. മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ കഴിയില്ല. സ്വാതന്ത്ര്യം നേടിയതിന്റെ ഒരംശം പോലും മലപ്പുറത്ത് പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരിയിൽ അദ്ദേഹത്തിന് ചില സ്ഥാപനങ്ങൾ ഉള്ളതു​കൊണ്ടാണ് കുറച്ചുപേർക്ക് വിദ്യാഭ്യാസം ലഭിച്ചതെന്നും ചുങ്കത്തറയിൽ എസ്.എൻ.ഡി.പി യോഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.