വളപട്ടണം പൊലിസ് സ്റ്റേഷൻ വളപ്പിലെ വാഹനങ്ങൾ കത്തിച്ച ചാണ്ടി ഷമീം അറസ്റ്റിൽ

 

കണ്ണൂർ: വളപട്ടണം പൊലിസ് സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട ചാണ്ടി ഷമീമിനെ വളപട്ടണം പൊലിസ് പിടികൂടി. ചിറക്കൽ പുഴാതിയിലെ ഒരു കെട്ടിടത്തിൽ നിന്നാണ് ഷമീമിനെ സാഹസികമായി പിടികൂടിയത്. സ്റ്റേഷൻ കോംപൗണ്ടിൽ നിർത്തിയിട്ട അഞ്ച് വാഹനങ്ങളാണ് ചൊവ്വാഴ്ച്ച പുലർച്ചെ മൂന്നു മണിയോടെ ഇയാൾ കത്തിച്ചത് .സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറയിൽ നിന്നും ഈ കാര്യം വ്യക്തമായിരുന്നു. 

പുഴാതിയിലെ ഒരു പഴയ കെട്ടിടത്തിൽ ഷമീമ് ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലിസ് വളഞ്ഞു പിടി കൂടുകയായിരുന്നു. ഇതിനിടെയിൽ കുതറി മാറി ഓടിരക്ഷപെടാൻ ശ്രമിച്ച ഷമീമിന്റെ ആക്രമണത്തിൽ രണ്ടു പൊലിസുകാർക്ക് പരുക്കേറ്റു. ഇവരുടെ പരുക്ക് സാരമുള്ളതല്ല.

 വളപട്ടണം, കണ്ണൂർ പൊലീസിന് തീരാ തല വേദനയാണ് ചാണ്ടി ഷമീമ് . മയക്കുമരുന്ന് - ഗുണ്ടാ കേസുകളിലെ പ്രതിയായ ഇയാൾ സോഷ്യൽ മീഡിയയിലൂടെ പൊലിസിനെ വെല്ലുവിളിക്കുന്നത് പതിവാണ്. നേരത്തെ സോഷ്യൽ മീഡിയയിലുടെ പൊലിസിനെ അക്രമിക്കുമെന്ന് പറഞ്ഞ ഷമീമിനെ പൊലീസ് പുതിയ തെരുവിലെ താമസ സ്ഥലത്തു കയറി അറസ്റ്റു ചെയ്തിരുന്നു. കണ്ണൂർ കോർപറേഷൻ പരിധിയിലെ കക്കാട് സ്വദേശിയാണ് ഷമീം കണ്ണൂർ ജില്ലയ്ക്ക് പുറത്തും ഈ യാൾക്കെതിരെ കേസുകളുണ്ട്.