'അഭിനയ റാണി'യായ മന്ത്രി വീണാ ജോർജിനെ ഇനിയും പുറത്തിറങ്ങിയാൽ തടയും ; കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ
അഭിനയ റാണിയായ മന്ത്രിവീണാ ജോർജാണ് കേരളത്തിൽ നടന്ന അക്രമങ്ങളുടെ ഉത്തരവാദിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കണ്ണൂർ ഡി.സി.സി ഓഫിസിൽ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ : അഭിനയ റാണിയായ മന്ത്രിവീണാ ജോർജാണ് കേരളത്തിൽ നടന്ന അക്രമങ്ങളുടെ ഉത്തരവാദിയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കണ്ണൂർ ഡി.സി.സി ഓഫിസിൽ മാധ്യമങ്ങളോട് പറഞ്ഞു. കെ എസ് യു പ്രവർത്തകർക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച മന്ത്രി കേരളത്തിലെ പൊതു സമൂഹത്തോട് മാപ്പുപറഞ്ഞില്ലെങ്കിൽ അവർ പുറത്തിറങ്ങുന്ന സമയം തൊട്ട് വീണ്ടും പ്രതിഷേധവുമായി കെ.എസ്.യു. മുന്നോട്ടു പോകും ജില്ലാതലത്തിൽ ഏതറ്റം വരെ സമരം പോകണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
മന്ത്രിക്കെതിരെ കൈയ്യേറ്റം നടത്താൻ കരിങ്കൊടി പ്രതിഷേധ സമരത്തിൽ പങ്കെടുത്ത കെ.എസ്.യു പ്രവർത്തകർക്ക് യാതൊരു ഉദ്യേശവുമുണ്ടായിരുന്നില്ല. ഇപ്പോൾ കെ.എസ്.യു പ്രവർത്തകർ പുറത്തുവിട്ട സി.സി.ടി.വി ദൃശ്യം മാത്രമേ കണ്ടിട്ടുള്ളുവെന്നാണ് മന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ റെയിൽവെ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവിടണം. ഇവരല്ലെ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത്. സംഭവത്തെ കുറിച്ച് പൊലിസ് റിപ്പോർട്ടും പുറത്തുവിടണമെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.
തന്നെ കെ.എസ്.യു പ്രവർത്തകർ അക്രമിച്ചുവെന്നമന്ത്രിയുടെ പ്രതികരണത്തിന് യാതൊരു ആത്മാർത്ഥതയുമില്ല ഇതു കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മന്ത്രി വീണാ ജോർജ് യഥാർത്ഥ്യം തിരിച്ചറിഞ്ഞ് ജനങ്ങളോട് പരസ്യമായിമാപ്പു പറയണം അന്തം കമ്മികളായ ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലേക്ക് ആരോഗ്യമന്ത്രി താഴരുത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തത്.
അവർ ചാനൽ അവതാരക വേഷത്തിൽ നിന്നും മന്ത്രി കസേരയിലെത്തിയാണ്. ജനാധിപത്യപരമായി എങ്ങനെ സമരം ചെയ്യണമെന്ന് മന്ത്രി കെ.എസ്.യു പ്രവർത്തകരെ പ്രോട്ടോക്കോൾ പഠിപ്പിക്കേണ്ടതില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. മന്ത്രിയുടെ കള്ളക്കഥയാണ് സ്പീക്കർ എ എൻ ഷംസീറും പറഞ്ഞത്. കെ.എസ്.യു പ്രവർത്തകർക്കെതിരെ കള്ള കേസെടുക്കാനും വീടുകൾ അക്രമിക്കപ്പെടാനും ഇതാണ് കാരണം. ഇതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും ആരോഗ്യ മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല സാധാരണക്കാരെ അകറ്റുന്നതായി കേരളത്തിലെ ആരോഗ്യ വകുപ്പ് മാറിയെന്നും അദ്ദേഹം പറഞ്ഞു.