'തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത നേതാക്കളുടെ പാര്‍ട്ടിയായി സി.പി.എം അധപതിച്ചു' : വി.ഡി. സതീശൻ

തിരുവനന്തപുരം: കാഫിര്‍ വിവാദം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ കറുത്ത ഏടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത നേതാക്കളുടെ പാര്‍ട്ടിയായി സി.പി.എം അധപതിച്ചിരിക്കുന്നു.
 

തിരുവനന്തപുരം: കാഫിര്‍ വിവാദം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ കറുത്ത ഏടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത നേതാക്കളുടെ പാര്‍ട്ടിയായി സി.പി.എം അധപതിച്ചിരിക്കുന്നു.

വിവാദങ്ങളുടെ കുത്തൊഴുക്കാണ് ഈ സര്‍ക്കാരിന്റെ കാലത്ത്. വടകരയില്‍ ഷാഫി പറമ്പിലിനെ പരാജയപ്പെടുത്താനാണ് സി.പി.എം കാഫിര്‍ വിവാദമുണ്ടാക്കിയത്.

യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു വ്യാജ സ്‌ക്രീന്‍ ഷോട്ട്. കാസിമും പാറയ്ക്കല്‍ അബ്ദുള്ളയും സ്വീകരിച്ച ധീരമായ നിലപാടുകളെ തുടര്‍ന്നാണ് സി.പി.എം നേതാക്കള്‍ തന്നെയാണ് കാഫിര്‍ വിവാദം ഉണ്ടാക്കിയതെന്ന് വ്യക്തമായത്. ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പും വിദ്വേഷവും ഉണ്ടാക്കി ഭൂരിപക്ഷ സമൂദായത്തിന്റെ വോട്ട് നോടിയെടുക്കാനുള്ള ഹീനമായ ശ്രമമാണ് സി.പി.എം വടകരയില്‍ നടത്തിയത്. വര്‍ഗീയ ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുന്ന സംഘപരിവാര്‍ പോലും സി.പി.എമ്മിന് മുന്നില്‍ നാണിച്ച് തലതാഴ്ത്തി നില്‍ക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്.

ഇരകള്‍ നല്‍കിയ മൊഴികളും തെളിവുകളും അടിസ്ഥാനമാക്കി ജസ്റ്റിസ് ഹേമ തയാറാക്കിയ റിപ്പോര്‍ട്ടാണ് നലര വര്‍ഷം ഈ സര്‍ക്കാര്‍ പൂഴ്ത്തിവച്ചത്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ പരമ്പര നടന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നടപടി എടുക്കാതെ ഒളിപ്പിച്ചു വച്ച മുഖ്യമന്ത്രിയും രണ്ട് സാംസ്‌കാരിക മന്ത്രിമാരും ഉദ്യോഗസ്ഥരും പോക്‌സോ ആക്ടും ഭാരതീയ ന്യായ സംഹിത അനുസരിച്ച് ആറ് മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണ് ചെയ്തിരിക്കുന്നത്.

പുറത്തു വിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും വിവരാവകാശ കമീഷന്‍ ആവശ്യപ്പെടാത്ത പേജുകള്‍ കൂടി സര്‍ക്കാര്‍ വെട്ടിമാറ്റിയത് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. റിപ്പോര്‍ട്ട് പുറത്തു വിടുമ്പോള്‍ ഇരകളുടെ വിവരങ്ങള്‍ പുറത്തു വിടരുതെന്നത് ഉള്‍പ്പെടെയുള്ള സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഹേമ സര്‍ക്കാരിന് നല്‍കിയ കത്തിനെയും മുഖ്യമന്ത്രി ദുര്‍വ്യാഖ്യാനം ചെയ്തു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടെന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്.

റിപ്പോര്‍ട്ട് പുറത്തു വിട്ടപ്പോള്‍ ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പകരം വേട്ടക്കാരുടെ സ്വകാര്യതയാണ് പിണറായി വിജയന്‍ സംരക്ഷിച്ചത്. ലൈംഗികാരോപണ വിധേയനായ സി.പി.എം എം.എല്‍.എയ്‌ക്കെതിരെ നടപടി വേണമെന്ന് എല്‍.ഡി.എഫ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിട്ടും വേട്ടക്കാരനെ സര്‍ക്കാര്‍ കുടപിടിച്ച് സംരക്ഷിക്കുകയാണ്. പിണറായി സര്‍ക്കാര്‍ സമം സ്ത്രീവിരുദ്ധ സര്‍ക്കാര്‍ എന്നാണ് ഇവര്‍ തെളിയിച്ചത്.

സ്ത്രീകള്‍ അപമാനിക്കപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം വേട്ടക്കാര്‍ക്കൊപ്പമാണ് ഈ സര്‍ക്കാര്‍ നില്‍ക്കുന്നത്. പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണെന്ന പ്രതിപക്ഷ ആരോപണം ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഉപജാപകസംഘത്തിലെ രണ്ടു പേരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവരും.

സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം ശരിയാണെന്ന് ഇപ്പോള്‍ സി.പി.എമ്മുകാര്‍ തന്നെ പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു പറയുകയാണ്. ക്രിമിനലുകളാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നതെങ്കില്‍ കേരളത്തിന്റെ സ്ഥിതിയെന്താകും. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയന്‍ രാജിവെണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.