നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വി ഡി സതീശന്‍ സര്‍ക്കാരും : റിപ്പോര്‍ട്ടര്‍ ന്യൂസ് ഡെസ്‌കിലെ പൊലീസ് ഗുണ്ടായിസത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദന്‍

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരില്‍ പൊലീസ് നടത്തുന്ന ഗുണ്ടായിസത്തെ ശക്തമായി അപലപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു റെയ്ഡ് എന്ന് അറിയില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ പോലും ആക്രമിക്കപ്പെടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 

  കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരില്‍ പൊലീസ് നടത്തുന്ന ഗുണ്ടായിസത്തെ ശക്തമായി അപലപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു റെയ്ഡ് എന്ന് അറിയില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ പോലും ആക്രമിക്കപ്പെടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്നുകൊണ്ട് വി ഡി സതീശന്‍ സര്‍ക്കാരും പ്രവര്‍ത്തിക്കുകയാണെന്ന് എം വി ഗോവിന്ദന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ എല്ലാത്തരത്തിലുള്ള സ്വാതന്ത്ര്യവും വെല്ലുവിളിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. എന്താണ് കാര്യമെന്ന് വെളിപ്പെടുത്താതെ പത്രസ്ഥാപനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ ഇതുപോലുള്ള കടന്നാക്രമണം കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ സംഭവമാണ്. കൂടുതല്‍ വിശദാംശങ്ങളെന്തെന്ന് ആര്‍ക്കും വെളിവായിട്ടില്ല. സുതാര്യമല്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളെ കേരളീയ സമൂഹം ശക്തിയായി പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തിന്റെ അടിസ്ഥാനമെന്തെന്ന് മനസിലാക്കി ഫലപ്രദമായി ഇടപെടാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആഭ്യന്തര വകുപ്പിനും വിഷയത്തില്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. ശക്തമായി പ്രതിഷേധിക്കേണ്ട വിഷയമാണിതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ നിയമപരമായ നിലപാട് സ്വീകരിക്കണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.