സിപിഐഎമ്മിനെ തകർക്കുക എന്ന ബിജെപി നീക്കത്തെ വി ഡി സതീശൻ പിന്തുണയ്ക്കുന്നു : എം വി ഗോവിന്ദൻ
കൊച്ചി: പിണറായി വിജയനെ ലക്ഷ്യം വച്ചുകൊണ്ട് സിപിഐഎമ്മിനെ തകർക്കുക എന്ന ബിജെപി നീക്കത്തെ മുഖ്യമന്ത്രി വി ഡി സതീശൻ പിന്തുണയ്ക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതിൽ ഞങ്ങൾക്ക് ഭയമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. 'കേരളത്തിൻ്റെ മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത് നിയമപരമായി കേസെടുക്കാനാവില്ലെന്നാണ്. ഇ ഡി പൊലീസിന് കത്ത് നൽകിയിട്ടും പഞ്ചാബും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആ കത്ത് മുഖവിലയ്ക്കെടുത്ത് കേസെടുത്തിട്ടില്ല. അത്തരം നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ട്. കേരളത്തിൻ്റെ മുൻമുഖ്യമന്ത്രിയെ ഉന്നംവെച്ച് പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയുടെ ഭാഗമായി നിന്ന് ഇഡി നടത്തുന്ന നീക്കത്തെ വി ഡി സതീശൻ സർക്കാർ അംഗീകരിക്കുന്നത് അങ്ങേയറ്റത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ നിലപാടാണ്' എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
വിമാനത്തിൽ പോകുന്നതിന് തങ്ങൾ എതിരാണെന്നും എന്നാൽ വി ഡി സതീശന് വിമാനം സ്പോൺസർ ചെയ്യുന്നതാരാണ് എന്നും എം വി ഗോവിന്ദൻ ചോദിച്ചു. മാധ്യമങ്ങൾ ഈ ചോദ്യം ചോദിക്കുമ്പോൾ പത്രപ്രവർത്തകരെ ചീത്ത പറഞ്ഞ് മുഖ്യമന്ത്രി ഇറങ്ങിപ്പോകുകയാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. മന്ത്രിമാരുടെ യാത്രകളും സ്പോൺസർഷിപ്പിലാണ്. ഇത് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാന ലംഘനവും ആണെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ആറുകോടിയുടെ കാറിൽ പോയാലേ ഷാജിക്ക് ഉറക്കം വരൂ. സ്പോൺസേർഡ് സംസ്ഥാനമായി കേരളം മാറിയെന്നും സ്പോൺസേർഡ് മുഖ്യമന്ത്രിയായി വിഡി സതീശൻ മാറിയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ഇങ്ങനെയായാൽ ഉദ്യോഗസ്ഥർ എങ്ങനെയാകും എന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. കൊച്ചിയിൽ കാണാൻ പോയ നിക്ഷേപകനാരാണെന്നും രാവിലെ മുതൽ രാത്രി വരെ കളവ് പറയുന്ന മുഖ്യമന്ത്രി കോൺഗ്രസിന് ഉൾപ്പെടെ എല്ലാവർക്കും അപമാനമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.