വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല, ഒരുമിച്ചാണ് പല തീരുമാനങ്ങളും എടുക്കുന്നത് : കെസി വേണുഗോപാൽ

തിരുവനന്തപുരം: ഒരുമിച്ചാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും സംസ്ഥാനത്തെ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി.
 

തിരുവനന്തപുരം: ഒരുമിച്ചാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും സംസ്ഥാനത്തെ കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലയെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി.

വി ഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ലന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരനും വി ഡി സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയ ആളുകളാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടുമെന്നും പാർട്ടിക്കകത്ത് ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റായ വാർത്തകൾ ചിലർ പ്രചരിപ്പിക്കുകയും ചെറിയ കാര്യങ്ങൾ വലുതാക്കുന്നവർക്കെതിരെയും മുഖംനോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒത്തിരി കാര്യങ്ങൾ ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾ ഉണ്ടാകും അത് പർവതീകരിക്കണ്ട അവശ്യമില്ല. ചെറിയ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

വയനാട് ക്യാമ്പ് എക്‌സിക്യൂട്ടീവിന് പിന്നാലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള തര്‍ക്കം മുറുകുകയായിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര കെപിസിസി ഭാരവാഹി യോഗത്തില്‍ വി ഡി സതീശനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വി ഡി സതീശന്‍ സൂപ്പർ പ്രസിഡന്‍റ് ചമയുകയാണെന്നും സമാന്തര സംഘടനാ പ്രവർത്തനം നടത്തുന്നുമെന്നുമുള്ള ആരോപണങ്ങളായിരുന്നു ഉയർന്നത്.

വി ഡി സതീശനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ സ്ഥിരീകരിക്കുന്ന നിലയിലാണ് പിന്നീട് കെ സുധാകരനും പ്രതികരിച്ചത്. അധികാരത്തില്‍ കൈകടത്തിയാല്‍ നിയന്ത്രിക്കാൻ അറിയാമെന്ന് കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പേര് പരാമർശിക്കാതെയാണ് സുധാകരന്‍ രംഗത്തെത്തിയതെങ്കിലും ഇത് വി ഡി സതീശനെതിരായ ഒളിയമ്പായിരുന്നു. ഇതിന് മറുപടിയുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തിയതോടെ തര്‍ക്കം കൂടുതല്‍ പരസ്യമായി.