വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിജയം തങ്ങളുടെ കണക്കുകൂട്ടലുകൾക്ക് അനുസരിച്ചുള്ളതായിരുന്നു : കെ. മുരളീധരൻ

 വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് നേടിയ വിജയം തങ്ങളുടെ കണക്കുകൂട്ടലുകൾക്ക് അനുസരിച്ചുള്ളതായിരുന്നുവെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. അയ്യായിരം മുതൽ ഏഴായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും

 

 വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് നേടിയ വിജയം തങ്ങളുടെ കണക്കുകൂട്ടലുകൾക്ക് അനുസരിച്ചുള്ളതായിരുന്നുവെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. അയ്യായിരം മുതൽ ഏഴായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് തങ്ങൾ പ്രതീക്ഷിച്ചിരുന്നതെന്നും ഫലം വന്നപ്പോൾ അത് കൃത്യമായി സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുഡിഎഫിന് ലഭിച്ച ഈ വലിയ ഭൂരിപക്ഷം വലിയൊരു ഉത്തരവാദിത്തം കൂടിയാണെന്നും അതനുസരിച്ച് നേതാക്കൾ പെരുമാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ തർക്കങ്ങളില്ലാതെ സുഗമമായി പൂർത്തിയാക്കേണ്ടതുണ്ട്. 2001-ൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത കുറഞ്ഞതാണ് പിന്നീട് തിരിച്ചടിയുണ്ടാകാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻപ് സംഭവിച്ച തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിക്കണമെന്നും എല്ലാവരും ഒറ്റക്കെട്ടായി ‘ടീം യുഡിഎഫ്’ ആയി മുന്നോട്ട് പോകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്ന് മാർക്സിസ്റ്റ് പാർട്ടി നേതൃത്വം പാഠം പഠിക്കണമെന്ന് പറഞ്ഞ അദ്ദേഹം ദേശീയ രാഷ്ട്രീയ സാഹചര്യം കൂടി ഓർമ്മിപ്പിച്ചു. നരേന്ദ്ര മോദി ഇത്തവണ ബംഗാളിനെയാണ് ലക്ഷ്യം വെച്ചതെങ്കിൽ ഇനി ബിജെപിയുടെ കണ്ണ് കേരളത്തിലേക്കായിരിക്കും പതിയുകയെന്നും ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് എല്ലാവരും പ്രവർത്തിക്കണമെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.