വാൽപ്പാറ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ പാങ്ങ് ; മൃതദേഹങ്ങൾ അമ്പലപ്പറമ്പ് ഗവ. ഹൈസ്കൂളിൽ പൊതുദർശനത്തിന് വയ്ക്കും  

കേരളത്തെ നടുക്കിയ വാർത്തയാണ് മലയാളികൾ ഇന്നലെ കേട്ടത്. അധ്യാപകർ അടക്കമുള്ള ഒൻപത് പേരുടെ ജീവൻ നഷ്ട്ടമായ 
വാൽപ്പാറ വാഹനാപകട ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ പാങ്ങ്.

 

 മലപ്പുറം: കേരളത്തെ നടുക്കിയ വാർത്തയാണ് മലയാളികൾ ഇന്നലെ കേട്ടത്. അധ്യാപകർ അടക്കമുള്ള ഒൻപത് പേരുടെ ജീവൻ നഷ്ട്ടമായ 
വാൽപ്പാറ വാഹനാപകട ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ പാങ്ങ്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് തങ്ങളുടെ തൊട്ടടുത്ത സ്കൂളിലെ അധ്യാപകർ സഞ്ചരിച്ച വാഹനം മറിഞ്ഞകാര്യം നാട്ടിൽ അറിഞ്ഞത്. നടുക്കത്തോടെയാണ് വാർത്ത നാട് കേട്ടത്. ഇത് സത്യമാകരുതെ എന്ന് എല്ലാവരും പ്രാർഥിച്ചു. വാർത്ത സ്ഥിരീകരിക്കാൻ സ്കൂളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ നേരിട്ടും ഫോണിലും വിളിച്ച് കാര്യങ്ങൾ തിരക്കി. ഒടുവിൽ ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ പലരേയും അത് തളർത്തി. മിക്കവർക്കും ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമായിരുന്നു.

ഇതോടെ ആളുകൾ സ്കൂളിലും പരിസരങ്ങളിലുമായി തടിച്ചുകൂടി. കേട്ടവർ നാടിന്റെ നാനാദിക്കുകളിൽനിന്നും സ്ഥലത്തേക്ക് ഒഴുകിയെത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് പാങ്ങ് ജി.എൽ.പി സ്കൂൾ അങ്കണത്തിലെത്തിയത്. ആളുകൾ പരസ്പരം സങ്കടവും വേദനയും പങ്കുവെച്ചു. അപകട വിവരം അറിഞ്ഞ ഉടൻ സ്കൂൾ പി.ടി.എ ഭാരവാഹികൾ വാൽപ്പാറയിലേക്ക് തിരിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് സംഘം വിനോദയാത്രക്കായി പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽനിന്ന് പുറപ്പെട്ടത്. തിരിച്ചുവരുമ്പോഴാണ് ദുരന്തത്തിന് ഇരയായത്. അപ്രതീക്ഷിത സംഭവം നാടിനും മരിച്ചവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിദ്യാർഥികൾക്കും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. തങ്ങളുടെ പ്രധാനധ്യാപകനടക്കം പ്രിയഗുരുക്കൻമാരെ നഷ്ടപ്പെട്ടത് വിദ്യാർഥികൾക്ക് തീരാവേദനയായി.

പലർക്കും ദു:ഖമടക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റവർ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെയെന്ന് നാട് ഒന്നിച്ച് പ്രാർഥിക്കുകയാണ്. മലപ്പുറം കുറുവ പാങ്ങിൽനിന്ന് വിനോദസഞ്ചാരത്തിന് പോയ ടെമ്പോ ട്രാവലർ പൊള്ളാച്ചി വാൽപാറ ചുരത്തിൽ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാൽപാറ സന്ദർശിച്ച് പൊള്ളാച്ചി വഴി മടങ്ങുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മണിയോടെ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിലാണ് കേരളത്തെ നടുക്കിയ ദുരന്തം.