വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസ് : ജിജിൽ കുര്യാക്കോസിന് ജാമ്യം
വടകര: വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ചാം പ്രതി ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന് പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും ഹൈക്കോടതി ജാമ്യം അനുവദിച്ചു. മെയ് അഞ്ചിന് മണിയൂർ തുറശേരി കടവിൽ നിന്നും 13.56 ഗ്രാം എം.ഡി.എം.എയുമായി തെക്കെ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെപയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ മുഹമ്മദ് ഇർഫാൻ ജിജിൽ കുര്യാക്കോസുമായി സാമ്പത്തിക ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
അധ്യാപികമാർ ഉൾപെട്ട വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ പിടിയിലായി റിമാൻഡിൽ കഴിയുന്ന ജിജിൽ കുര്യാക്കോസിനെ കോടതിയുടെ അനുമതിയോടെയാണ് പയ്യോളി പൊലീസ് കേസിൽ അറസ്റ്റ് ചെയ്തത്. വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ കഴിഞ്ഞ ആഴ്ച ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ചിരുന്നില്ല. നിലവിൽ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ ജിജിൽ കുര്യാക്കാസ് പുറത്തിറങ്ങും. ഇതോടെ കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു.