കുത്തേറ്റ വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; പങ്കാളി പൊലീസ് കസ്റ്റഡിയില്‍
അഞ്ചുതവണയാണ് കീര്‍ത്തനയ്ക്ക് കുത്തേറ്റത്. ഇതില്‍ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കീര്‍ത്തന ചികിത്സയില്‍ കഴിയുന്നത്
പങ്കാളിയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന വടകര എംഡിഎംഎ കേസ് പ്രതി കീര്‍ത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കീര്‍ത്തന ചികിത്സയില്‍ കഴിയുന്നത്. അഞ്ചുതവണയാണ് കീര്‍ത്തനയ്ക്ക് കുത്തേറ്റത്. ഇതില്‍ കഴുത്തിലേറ്റ മുറിവ് ആഴത്തിലുള്ളതാണ്.
ശനിയാഴ്ചയാണ് വടകര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍വെച്ച് കീര്‍ത്തനയെ പങ്കാളിയായ ജിനീഷ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. എംഡിഎംഎ കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി കീര്‍ത്തന പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോളായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ കീര്‍ത്തനയെ പൊലീസ് ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രതി ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മുന്‍വൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് പ്രതിയുടെ മൊഴി. ബിആര്‍സി അധ്യാപികയായ കീര്‍ത്തനയും ജിനീഷും രണ്ടുവര്‍ഷമായി ഒരുമിച്ചായിരുന്നു താമസമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും തമ്മില്‍ നേരത്തേ പ്രശ്‌നങ്ങളുണ്ട്. കീര്‍ത്തനയുടെ ചില സുഹൃദ്ബന്ധങ്ങളില്‍ ജിനീഷിന് എതിര്‍പ്പുണ്ടായിരുന്നു. ഇതിനിടെ ചില ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും സുഹൃത്തുക്കളുടെ ഭീഷണിയും പ്രതിയെ പ്രകോപിപ്പിച്ചു. ഇതോടെയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്നും ഇതിനായി ഒരാഴ്ച മുന്‍പാണ് കത്തി വാങ്ങിയതെന്നും ജിനീഷ് മൊഴി നല്‍കിയിട്ടുണ്ട്.