വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി കോടതി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കറിന് കോടതിയിൽ നിന്ന് ആശ്വാസം. ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

 

 കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കറിന് കോടതിയിൽ നിന്ന് ആശ്വാസം. ജിതിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ ജിതിന് ലഭിച്ച ജാമ്യം തുടരും. ജിതിന് ജാമ്യം ലഭിച്ചതിന് ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും, പൊലീസിനും സർക്കാരിനുമെതിരെ ഉയർന്ന വെല്ലുവിളികളും പ്രകോപനപരമായ മുദ്രാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

ഈ രണ്ട് അനിഷ്ട സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. എന്നാൽ സ്വീകരണ ജാഥകളിൽ പങ്കെടുത്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും, ജിതിനെതിരെ പൊലീസ് കള്ളക്കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്ന വിലയിരുത്തലിനെ തുടർന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് സെഷൻസ് കോടതി ഇന്ന് വിധി പറയും.