ന്യൂനപക്ഷപുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യം : മന്ത്രി വി അബ്ദു റഹ്‌മാൻ

വിജ്ഞാന സമൂഹത്തിൽ ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കിൽ അവർക്ക് തൊഴിലുറപ്പാക്കണമെന്നും അക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്നും ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി    വി അബ്ദുറഹ്‌മാൻ പറഞ്ഞു

 

വിജ്ഞാന സമൂഹത്തിൽ ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കിൽ അവർക്ക് തൊഴിലുറപ്പാക്കണമെന്നും അക്കാര്യത്തിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്നും ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി    വി അബ്ദുറഹ്‌മാൻ പറഞ്ഞു. പി എസ് സി യിലൂടെ സർക്കാർ മേഖലയിൽ രാജ്യത്ത് ഏറ്റവുമധികം തൊഴിൽ നൽകിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ന്യൂനപക്ഷവകുപ്പും ന്യൂനപക്ഷ കമ്മീഷനും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സമന്വയം പദ്ധതിയുടെ ഭാഗമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്ലസ്റ്റർ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ നടന്ന പരിപാടിയിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ എ എ റഷീദ് അധ്യക്ഷനായി. നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല പദ്ധതി അവതരണം നടത്തി.

18 നും 50 വയസ്സിനുമിടയിലുള്ള ന്യൂനപക്ഷ വിഭാഗത്തിലെ അഭ്യസ്തവിദ്യരായവർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമന്വയം പദ്ധതി നടപ്പാക്കുന്നത്. 

പ്ലസ്ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരാണ് പദ്ധതിക്ക് കീഴിൽ വരുന്നത്. നോളെജ് ഇക്കോണമി മിഷന്റെ വെബ് സൈറ്റായ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ച് ജോലി തെരഞ്ഞെടുക്കാൻ ഇതിലൂടെ അവസരമൊരുക്കും. മുസ്ലിം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി, സിക്ക് എന്നീ ആറ് ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവർക്ക് പദ്ധതിയിൽ തൊഴിൽ രജിസ്‌ട്രേഷൻ നടത്താം.

150 ലധികം കോളേജുകൾ പരിപാടിയിൽ പങ്കെടുത്തു. ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ രേണു രാജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ്  അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലക്ഷ്മിപ്രിയ ആർ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മെമ്പർ സെക്രട്ടറി നിസാർ എച്ച് തുടങ്ങിയവർ സന്നിഹിതരായിരുന്നു.