ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം : അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി എസ്.ഐ.ടി 

ശബരിമല സ്വർണക്കൊള്ളയിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം തേടാനാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.

 

 തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം തേടാനാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.

പോറ്റിയുമായി പരിചയമുണ്ടെന്ന് അടൂർ പ്രകാശ് വ്യക്തമാക്കിയിരുന്നു. ഡൽഹിയിൽ സോണിയ ഗാന്ധിയുമായി പോറ്റി കൂടിക്കാഴ്ച നടത്തുമ്പോഴും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത്. നേരത്തെ പോറ്റിക്കൊപ്പമുള്ള അടൂർ പ്രകാശിന്റെ ചിത്രം പുറത്തുവന്നത് സി.പി.എം രാഷ്ട്രീയ ആയുധമാക്കിയിരുന്നു. കഴിഞ്ഞദിവസം കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ചയാണ് ഇരുവരെയും നേരിട്ടുകണ്ട് മൊഴി രേഖപ്പെടുത്തിയത്.

എസ്‌.ഐ.ടി ഓഫിസിനു പുറത്തുവെച്ച് എസ്.പി. ശശിധരന്റെ നേതൃത്വത്തിലായിരുന്നു രണ്ടു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യൽ. 2019ൽ പത്മകുമാർ പ്രസിഡൻറായ ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയപ്പോൾ ദേവസ്വം മന്ത്രിയായിരുന്നു കടകംപള്ളി. സ്വർണപ്പാളി കൊണ്ടുപോകാൻ അനുമതി തേടി ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം വകുപ്പിന് അപേക്ഷ നൽകിയെന്നും ഇതിൽ തുടർനടപടി സ്വീകരിക്കണമെന്ന് ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടുവെന്നും എ. പത്മകുമാർ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്.

അതേസമയം, കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയാണ് ഒരുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. കേസിൽ യഥാക്രമം ഒന്ന്, ഒൻപത്, പത്ത് പ്രതികളാണിവർ.

മൂവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ ഒരു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്. സ്വർണാപഹരണത്തിൽ ഗൂഡാലോചന ഉൾപ്പെടെ കുറ്റകൃത്യങ്ങളിൽ മൂവർക്കും പങ്കുണ്ടെന്നും അതിന് തെളിവുണ്ടെന്നുമാണ് എസ്.ഐ.ടി വാദം. നേരത്തെ വെവ്വേറെ ചോദ്യം ചെയ്തിരുന്നു. സ്വർണം പൂശാനായി ചെന്നൈയിലെ സ്മാർട് ക്രിയേഷനിൽ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ പാളികളിൽ നിന്ന് ഉരുക്കിയെടുത്ത സ്വർണത്തിൽ പണിക്കൂലിയിനത്തിൽ കൈവശം വച്ച 109.243 ഗ്രാം സ്വർണം കമ്പനി ഉടമ പങ്കജ് ഭണ്ഡാരി ഒക്ടോബർ 25ന് ഹാജരാക്കിയിരുന്നു.

അതുപോലെ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവരുടെ സഹായത്തിൽ ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ വാങ്ങിയ 474.96 ഗ്രാം സ്വർണത്തിനു പകരമായി അതേ അളവിലുള്ള സ്വർണം ഗോവർധൻ തിരികെ ഒക്ടോബർ 24ന് ഹാജരാക്കിയിരുന്നു. മൂവരും ചേർന്നുള്ള ഗൂഡാലോചനയുടെ തെളിവാണിതെന്ന് കസ്റ്റഡി അപേക്ഷയിൽ പറയുന്നു.