ശബരിമലയിലെ സ്വർണപ്പാളിയുമായി ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലും ചടങ്ങ് നടത്തി, ജയറാമിന്റെ വീട്ടിലും കൊണ്ടുപോയി

ശബരിമല വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളിയുമായി ചെന്നൈയിൽ ചടങ്ങ് സംഘിപ്പിച്ചു. നടൻ ജയറാമിനെയും ഗായകൻ വീരമണി രാജുവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
 

തിരുവനന്തപുരം: ശബരിമല വിവാദത്തിൽ ആരോപണ വിധേയനായ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണപ്പാളിയുമായി ചെന്നൈയിൽ ചടങ്ങ് സംഘിപ്പിച്ചു. നടൻ ജയറാമിനെയും ഗായകൻ വീരമണി രാജുവിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ജയറാമിനെയും വീരമണി രാജുവിനെയും കൊണ്ട് പൂജ നടത്തുകയും ചെയ്തു. സ്വർണപ്പാളിയുടെ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയി പൂർത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിനിടയിൽ പലയിടത്തും വച്ച് പണമീടാക്കുന്ന തരത്തിൽ ഇതിന്റെ പ്രദർശനം നടത്തി വരുമാനം ഉണ്ടാക്കി എന്ന് ഉണ്ണികൃഷ്ണൻ പോറ്റിയ്‌ക്കെതിരേ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങൾ ശ്രദ്ധനേടുന്നത്.

2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകാവിലിന്റെ വാതിൽ കട്ടിള എന്നെല്ലാം അവകാശപ്പെട്ട് അമ്പത്തൂരിലെ ഫാക്ടറിയിലാണ് പ്രദർശനവും പൂജയും സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് താൻ ചടങ്ങിൽ പങ്കെടുത്തതെന്ന് ജയറാം പ്രതികരിച്ചു.

'ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ചാണ് പരിചയപ്പെടുന്നത്. മാസ പൂജയ്ക്ക് പോകുമ്പോൾ കാണാറുണ്ട്. അദ്ദേഹമാണ് ശബരിമലയിലേക്ക് പോകുന്ന ശ്രീകോവിലിന്റെ കട്ടിളപ്പടിയുടെ പൂജ നടക്കുന്നുവെന്ന് പറഞ്ഞത്. ഞാൻ അവിടേക്ക് പോവുകയും ചെയ്തു’ ജയറാം പറഞ്ഞു.

അമ്പട്ടൂരിലെ പൂജയ്ക്ക് ശേഷം കട്ടിളപ്പടി തന്റെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്നും ജയറാം പറഞ്ഞു. തന്റെ വീട്ടിൽ കട്ടിളപ്പടിയുടെ എല്ലാ ഭാഗങ്ങളും ഇറക്കിയില്ല. ഏതാനും ഭാഗങ്ങൾ ഇറക്കുകയും  പൂജമുറിയിൽ വച്ച് ആരതി ഉഴിയുകയും ചെയ്തു. അതിന് ശേഷം നേരെ ശബരിമലയിലേക്ക് കൊണ്ടുപോയെന്നാണ് പറഞ്ഞതെന്നും ജയറാം പറഞ്ഞു.