പ്രതിസന്ധിയിൽ കൈപിടിച്ചുയർത്തിയ സൗഹൃദം ;വേണു കുന്നപ്പിള്ളിക്കും ഉണ്ണി മുകുന്ദനും ഷറഫുദ്ദീനും നന്ദി പറഞ്ഞ് മുരളി കുന്നുംപുറത്ത്

പ്രതിസന്ധിക്കാലത്ത് തനിക്ക് പിന്തുണയും ആത്മവിശ്വാസവും നൽകിയവർക്കു നന്ദി അറിയിച്ച് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് രംഗത്ത്. വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ എന്നിവർ ഇടയ്ക്കിടെ വിളിച്ച് തന്റെ വിശേഷങ്ങൾ അന്വേഷിച്ചിരുന്നുവെന്നും, ആ
 

കുറച്ച് ആഴ്ചകൾക്ക് മുമ്പ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികവുമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്

പ്രതിസന്ധിക്കാലത്ത് തനിക്ക് പിന്തുണയും ആത്മവിശ്വാസവും നൽകിയവർക്കു നന്ദി അറിയിച്ച് നിർമ്മാതാവ് മുരളി കുന്നുംപുറത്ത് രംഗത്ത്. വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ എന്നിവർ ഇടയ്ക്കിടെ വിളിച്ച് തന്റെ വിശേഷങ്ങൾ അന്വേഷിച്ചിരുന്നുവെന്നും, ആ കരുതൽ വാക്കുകൾക്കതീതമായ സന്തോഷവും ആത്മവിശ്വാസവും നൽകിയുവെന്നും മുരളി പറഞ്ഞു.

‘‘കുറച്ച് ആഴ്ചകൾക്ക് മുമ്പ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരവും വൈകാരികവുമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്. ആ സമയത്ത് എന്ത് സംഭവിക്കും, എങ്ങനെ മുന്നോട്ട് പോകും എന്നൊന്നും വ്യക്തമായിരുന്നില്ല. എന്നാൽ ആ ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കിയ ഒരു വലിയ സത്യമുണ്ട് -  നമ്മൾ കരുതുന്നതിലുപരി മനുഷ്യരുടെ സ്നേഹത്തിനും കരുതലിനും നമ്മെ താങ്ങിനിർത്താൻ കഴിയും എന്ന്.

സിനിമാ മേഖലയിലെ വിവിധ സംഘടനകളിൽ നിന്നുള്ളവർ, നിർമ്മാതാക്കൾ, സംവിധായകർ, അഭിനേതാക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, എന്നെ നേരിൽ പോലും പരിചയമില്ലാത്ത ഒട്ടനവധി ആളുകൾ.. എല്ലാവരും നൽകിയ പിന്തുണയും  സ്നേഹവുമാണ് ഇന്ന് എന്നെ മുന്നോട്ട് നയിക്കുന്ന ശക്തി.

ജീവിതം മുന്നോട്ട് പോകുമ്പോൾ ആളുകളും തങ്ങളുടെ തിരക്കുകൾക്കൊപ്പം മുന്നോട്ട് പോകുമെന്നായിരുന്നു എന്റെ ധാരണ. പക്ഷേ ചില മനുഷ്യർ അങ്ങനെയല്ലെന്ന് പിന്നീട് മനസ്സിലായി.

പ്രിയപ്പെട്ട വേണു കുന്നപ്പിള്ളി, ഉണ്ണി മുകുന്ദൻ, ഷറഫുദ്ദീൻ എന്നിവർ ഇടയ്ക്കിടെ എന്നെ വിളിച്ച്  എന്റെ വിശേഷങ്ങൾ അന്വേഷിക്കുകയും, എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്യുന്നത് എനിക്ക് വാക്കുകൾക്കതീതമായ സന്തോഷവും ആത്മവിശ്വാസവും നൽകുന്നുണ്ട്. 

നല്ല സമയത്ത്  നമുക്കൊപ്പം നിൽക്കുവാൻ ഒരുപാട് പേർ ഉണ്ടാകും. എന്നാൽ ജീവിതം പരീക്ഷിക്കുന്ന നിമിഷങ്ങളിൽ ഒരു മനുഷ്യന്റെ ചുമലിൽ കൈവെച്ച് “ഞങ്ങൾ കൂടെയുണ്ട്” എന്ന് പറയുന്നവർ വളരെ അപൂർവമാണ്. അത്തരത്തിലുള്ള മനുഷ്യരാണ് ഇവർ. അവരുടെ സൗഹൃദത്തിനും കരുതലിനും ഞാൻ ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് നന്ദി പറയുന്നു.

ഈ സ്നേഹവും വിശ്വാസവും തന്നെയാണ് എന്റെ തിരിച്ചുവരവിന്റെ ഏറ്റവും വലിയ ഇന്ധനം. നല്ല മനുഷ്യരുമൊത്ത് കൂടുതൽ നല്ല സിനിമകളും  പുതിയ യാത്രകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ.

എന്നെ വിശ്വസിച്ച, എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും, ഒപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി. തിരിച്ചുവരവ് എന്നത് ഒരു വ്യക്തിയുടെ മാത്രം യാത്രയല്ല. ഒരുപാട് മനുഷ്യരുടെ സ്നേഹവും വിശ്വാസവും ചേർന്നാണ് അത് സാധ്യമാകുന്നത്. നന്ദി. ’’–മുരളി കുന്നുംപുറത്തിന്റെ വാക്കുകൾ.

ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ ഒരു വി‍ഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു. ബിസിസ്സിലൂടെയും സിനിമയിലൂടെയും തനിക്ക് ഒരുപാട് ചതികൾ പറ്റിയെന്നും ജീവിതം കൈവിട്ട് പോയ അവസ്ഥയാണെന്നും പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയെയാണ് വിഡിയോയിൽ കണ്ടത്. ‘നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളിലെന്നും മുരളി പറയുന്നു. സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത വിഡിയോ പിന്നീട് മുരളി തന്നെ നീക്കം ചെയ്യുകയായിരുന്നു.

allowfullscreen