സർവകലാശാലകൾ മൂല്യവത്തായ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കണം: ഗവർണർ
സർവകലാശാലകൾ വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മൂല്യവത്തായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥുർ. നൂതനാശയങ്ങളെയും സംരംഭകത്വത്തെയും വളർത്തുന്നതിനൊപ്പം വ്യവസായമേഖലയും പൊതുസമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണമെന്ന് ഗവർണർ വ്യക്തമാക്കി. സെനറ്റ് ഹാളിൽ നടന്ന കേരള സർവകലാശാലയുടെ ഓണററി ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാലകൾ വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മൂല്യവത്തായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥുർ. നൂതനാശയങ്ങളെയും സംരംഭകത്വത്തെയും വളർത്തുന്നതിനൊപ്പം വ്യവസായമേഖലയും പൊതുസമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണമെന്ന് ഗവർണർ വ്യക്തമാക്കി. സെനറ്റ് ഹാളിൽ നടന്ന കേരള സർവകലാശാലയുടെ ഓണററി ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം സാങ്കേതികവും സാമ്പത്തികവും സാമൂഹികവുമായ ദ്രുതഗതിയിലുള്ള മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഉന്നതവിദ്യാഭ്യാസത്തെ പരമ്പരാഗത അതിരുകൾക്കുള്ളിൽ ഒതുക്കിനിർത്താനാകില്ല. തൊഴിൽ ഉറപ്പാക്കാൻ കഴിവുള്ള ബിരുദധാരികളെ സൃഷ്ടിക്കുക എന്നതിലുപരി സഹാനുഭൂതിയും ഉത്തരവാദിത്വവുമുള്ള പൗരന്മാരെ വളർത്തിയെടുക്കുകയായിരിക്കണം സർവകലാശാലകളുടെ ലക്ഷ്യം.
മഹത്തായ അക്കാദമിക് പാരമ്പര്യമുള്ള കേരള സർവകലാശാല,സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ബൗദ്ധികവും സാമൂഹികവുമായ ജീവിതത്തെ സമ്പന്നമാക്കുന്നതിൽ നിർണായക സംഭാവന നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ലോകമെമ്പാടുമായി സജീവമായി പ്രവർത്തിക്കുന്ന പൂർവ വിദ്യാർഥികൾ, സർവകലാശാലയുടെ ഏറ്റവും വലിയ സമ്പത്തുകളിൽ ഒന്നാണ്. കഴിവുള്ള വ്യക്തികൾക്ക് വളരാനും അവരുടെ പൂർണമായ ശേഷി പ്രയോജനപ്പെടുത്താനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനായി സർവകലാശാലകളും സർക്കാരുകളും ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ബിരുദം നൽകി ആദരിക്കപ്പെട്ട വിശിഷ്ട വ്യക്തികളുടെ നേട്ടങ്ങൾ വിദ്യാർഥികൾക്കും ഗവേഷകർക്കും കലാകാരന്മാർക്കും ശാസ്ത്രജ്ഞർക്കും കായികതാരങ്ങൾക്കും തുടർന്നും പ്രചോദനമേകുമെന്നും ഗവർണർ പറഞ്ഞു.
പാഠപുസ്തക പഠനങ്ങൾക്കപ്പുറം ജീവിതാനുഭവങ്ങളിലൂടെ നാടിന് നൽകിയ സംഭാവനകളെയാണ് സർവകലാശാല അംഗീകരിച്ചതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. നാല് പ്രതിഭകളെയും ഒരേ വേദിയിൽ ആദരിക്കുന്നത് നാടിന്റെ സമഗ്ര വികാസത്തെ അടയാളപ്പെടുത്തുന്നതായും ഇതിലൂടെ സർവകലാശാലയുടെ മഹത്വമാണ് വർധിച്ചതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരള സർവകലാശാലയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന പ്രത്യേക ബിരുദദാനച്ചടങ്ങിൽ കവിയും ഗാനരചയിതാവും ചലച്ചിത്രപ്രവർത്തകനുമായ ശ്രീകുമാരൻ തമ്പിക്കും ഒളിമ്പ്യനും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ പത്മഭൂഷൺ പി.ആർ. ശ്രീജേഷിനും ഡോക്ടർ ഓഫ് ലെറ്റേഴ്സ് ഓണററി ബിരുദങ്ങൾ ഗവർണർ സമ്മാനിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ പത്മഭൂഷൺ ഡോ. കെ. രാധാകൃഷ്ണന് ഡോക്ടർ ഓഫ് സയൻസ് ഓണററി ബിരുദവും നടനും സംവിധായകനുമായ പത്മശ്രീ മധുവിന് ഡോക്ടർ ഓഫ് ലെറ്റേഴ്സ് ഓണററി ബിരുദവും പ്രഖ്യാപിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, രജിസ്ട്രാർ ആർ. രശ്മി, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.