വ്യവസായ, പൗര സേവന പരിഷ്കാരങ്ങളില്‍ മികച്ച റാങ്കിങ് കൈവരിച്ച് കേരളം ; കേന്ദ്രമന്ത്രി പിയൂഷ് ഗോയലില്‍ നിന്ന് മന്ത്രി പി രാജീവ് പുരസ്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: വ്യവസായ കേന്ദ്രീകൃത, പൗര സേവന പരിഷ്കാരങ്ങളില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ റാങ്കിങ്ങില്‍ നേട്ടം കൈവരിച്ച് കേരളം. അനുകൂലമായ വ്യാവസായിക ആവാസവ്യവസ്ഥയും സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സേവന വിതരണവുമാണ് കേരളത്തിനെ നേട്ടത്തിലെത്തിച്ചത്.

 

തിരുവനന്തപുരം: വ്യവസായ കേന്ദ്രീകൃത, പൗര സേവന പരിഷ്കാരങ്ങളില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ റാങ്കിങ്ങില്‍ നേട്ടം കൈവരിച്ച് കേരളം. അനുകൂലമായ വ്യാവസായിക ആവാസവ്യവസ്ഥയും സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സേവന വിതരണവുമാണ് കേരളത്തിനെ നേട്ടത്തിലെത്തിച്ചത്.

ന്യൂഡല്‍ഹി യശോഭൂമിയിലെ പലാഷ് ഹാളില്‍ നടന്ന സംസ്ഥാന വ്യവസായ മന്ത്രിമാരുടെ 'ഉദ്യോഗ് സംഗമം 2024' സമ്മേളനത്തിലാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡ് ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ലാന്‍ നല്‍കുന്ന റാങ്കിങ് പ്രഖ്യാപിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കേരള വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവിന് ബഹുമതി സമ്മാനിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി ജിതിന്‍ പ്രസാദയും ചടങ്ങില്‍ പങ്കെടുത്തു.

യൂട്ടിലിറ്റി പെര്‍മിറ്റുകള്‍ നേടുന്നതും നികുതി അടക്കുന്നതുമാണ് കേരളം ഒന്നാമതെത്തിയ വ്യവസായ കേന്ദ്രീകൃത പരിഷ്കാരങ്ങള്‍. ഓണ്‍ലൈന്‍ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന പ്രക്രിയ ലഘൂകരിക്കുക, റവന്യൂ വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, യൂട്ടിലിറ്റി പെര്‍മിറ്റുകള്‍ നല്‍കല്‍, പൊതുവിതരണ സംവിധാനം-ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഗതാഗതം, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് എന്നീ ഒമ്പത് മേഖലകളില്‍ കേരളം 95% നേട്ടത്തിലെത്തി.

വ്യാപാര പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കുന്നതിലും വൈവിധ്യമാര്‍ന്ന സംരംഭങ്ങള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ ഉതകുന്ന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലും കേരളം വലിയ മുന്നേറ്റം നടത്തിയെന്ന് ഈ റാങ്കിങ്ങുകള്‍ അംഗീകരിക്കുന്നുവെന്ന് മന്ത്രി രാജീവ് പറഞ്ഞു. മികച്ച രീതിയിലുള്ള വ്യവസായിക നയങ്ങളും തദ്ദേശ തലം വരെ ഇത് ഫലപ്രദമായി നടപ്പിലാക്കിയതും സംസ്ഥാനത്തെ ഈ സുപ്രധാന വിഭാഗങ്ങളില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ചു. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ പൗരന്‍മാര്‍ക്ക് സേവനങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിലും കേരളം മുന്‍പന്തിയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
 
വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍, കെഎസ്ഐഡിസി ജനറല്‍ മാനേജര്‍ വര്‍ഗീസ് മാളാക്കാരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.