കരുനാഗപ്പള്ളിയിൽ ചികിത്സയിലിരിക്കെ 17കാരി മരിച്ച സംഭവം ; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

 കൊല്ലം കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17കാരി മരിച്ചു. കരുനാഗപ്പള്ളി നാട്ടന്നൂർ സ്വദേശി ഹർഷ (17) ആണ് മരിച്ചത്. കരുനാഗപ്പള്ളി എ എം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആശുപത്രിയുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പിതാവ് പ്രശാന്ത് ആരോപിച്ചു.

 

 കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17കാരി മരിച്ചു. കരുനാഗപ്പള്ളി നാട്ടന്നൂർ സ്വദേശി ഹർഷ (17) ആണ് മരിച്ചത്. കരുനാഗപ്പള്ളി എ എം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആശുപത്രിയുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് പിതാവ് പ്രശാന്ത് ആരോപിച്ചു.

തിങ്കളാഴ്ച്ച വൈകിട്ടാണ് വയറുവേദനയും ഛർദ്ദിയുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ കുട്ടിക്ക് ഒരു സിറപ്പ് നൽകിയിരുന്നതായും ഇത് കഴിച്ചതിനു പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായതായും ബന്ധുക്കൾ പറയുന്നു. നില വഷളായതോടെ കുട്ടിയെ ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് നൽകിയ മരുന്നിലെ അപാകതയും ജീവനക്കാരുടെ അനാസ്ഥയുമാണ് മരണത്തിന് കാരണമായതെന്നു കാണിച്ച് കുട്ടിയുടെ പിതാവ് പ്രശാന്ത് കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.

ഹർഷ മരിച്ചശേഷമാണ് മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും കുടുംബം ആരോപിച്ചു. എന്നാൽ കുടുംബത്തിന്റെ ആരോപണം തള്ളി ആശുപത്രി അധികൃതർ രംഗത്തെത്തി. മരണകാരണം അറിയില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലൻസ് എത്തുമ്പോഴേക്കും കുട്ടി മരിച്ചു. പോസ്റ്റ്‌മോർട്ടം നടത്തിയാലേ വ്യക്തത ഉണ്ടാകൂവെന്നും ഡോക്ടർമാർ അറിയിച്ചു.