പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്: പിടിയിലായവരിൽ പകുതിയോളം മലപ്പുറത്ത്; ഒരാഴ്ചയ്ക്കിടെ 453 കേസുകൾ

സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ടവരിൽ പകുതിയോളം പേർ മലപ്പുറം ജില്ലയിൽ നിന്നാണെന്ന് പൊലീസ് കണക്കുകൾ. നവംബർ 2 മുതൽ 8 വരെ 20 പൊലീസ് ജില്ലകളിലായി 99,181 വാഹനങ്ങൾ പരിശോധിച്ചതിൽ ആകെ 453 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 220 കേസുകളും റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. കൊല്ലം (59), കണ്ണൂർ നഗരം (48) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്.

 

കോട്ടയം: സംസ്ഥാനത്ത് പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് പിടിക്കപ്പെട്ടവരിൽ പകുതിയോളം പേർ മലപ്പുറം ജില്ലയിൽ നിന്നാണെന്ന് പൊലീസ് കണക്കുകൾ. നവംബർ 2 മുതൽ 8 വരെ 20 പൊലീസ് ജില്ലകളിലായി 99,181 വാഹനങ്ങൾ പരിശോധിച്ചതിൽ ആകെ 453 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 220 കേസുകളും റിപ്പോർട്ട് ചെയ്തത് മലപ്പുറത്താണ്. കൊല്ലം (59), കണ്ണൂർ നഗരം (48) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. ഏറ്റവും കൂടുതൽ വാഹന പരിശോധന നടന്നത് കൊച്ചി നഗരത്തിലാണെങ്കിലും (10,961 വാഹനങ്ങൾ) അവിടെ 3 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.

കൊച്ചി ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ആഡംബര കാറിടിച്ച് 55-കാരൻ മരിച്ച സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനവ്യാപകമായി പൊലീസ് പരിശോധന കർശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന കുട്ടികൾക്ക് ഭാവിയിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കാലതാമസം നേരിടുമെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവരെ വാഹനം ഓടിക്കാൻ അനുവദിച്ചതിന് ഇവരുടെ രക്ഷിതാക്കൾക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.