തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് നീക്കം

ഭരണത്തിലേറി ആറ് മാസം പിന്നിടുമ്പോള്‍ തന്നെ അവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയത്തില്‍ ആശങ്കയിലാണ് ബിജെപി

 

പ്രമേയം അവതരിപ്പിക്കുന്നത് തടയാന്‍, ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ട അവധിയെടുക്കാനും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ യുഡിഎഫ് നീക്കം. തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. എന്നാല്‍ പ്രമേയത്തെ പിന്തുണയ്ക്കുന്നതില്‍ എല്‍ഡിഎഫില്‍ അന്തിമ തീരുമാനമായിട്ടില്ല. പ്രമേയം അവതരിപ്പിക്കുന്നത് തടയാന്‍, ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ട അവധിയെടുക്കാനും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഭരണത്തിലേറി ആറ് മാസം പിന്നിടുമ്പോള്‍ തന്നെ അവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയത്തില്‍ ആശങ്കയിലാണ് ബിജെപി. തിരുവനന്തപുരം നഗരസഭയില്‍ 20 അംഗങ്ങള്‍ മാത്രമാണ് യുഡിഎഫിനുള്ളത്. എന്നാല്‍ എല്‍ഡിഎഫിന് 29 അംഗങ്ങളുണ്ട്. അവിശ്വാസ പ്രമേയത്തെ പിന്‍തുണക്കണോ എന്ന കാര്യത്തില്‍ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വമായിരിക്കും അന്തിമ തീരുമാനമെടുക്കുക. എല്‍ഡിഎഫിനും യുഡിഎഫിനും പുറമേ കോണ്‍ഗ്രസ് വിമതനായ സുധീഷ് കുമാറിന്റെ കൂടി പിന്‍തുണ ലഭിച്ചെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം പാസാക്കാന്‍ സാധിക്കുകയുള്ളൂ. കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ സുഗതന് വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നാല്‍ ഇരുവിഭാഗത്തിനും 50 വീതം കൗണ്‍സിലര്‍മാരുടെ പിന്‍തുണ ലഭിക്കും. പിന്നാലെ ടോസിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ട സ്ഥിതിയുണ്ടാകും.

തിങ്കളാഴ്ച കോര്‍പ്പറേഷന്‍ കൗണ്‍സിര്‍ യോഗം ചേരുമ്പോല്‍ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ കൂട്ട അവധിയെടുത്ത് കോറം തികയ്ക്കാതിരിക്കാനാണ് ബിജെപി നീക്കം നടത്തുന്നതെന്നാണ് വിവരം. നാലില്‍ മൂന്ന് ഭാഗം അംഗങ്ങള്‍ സഭയില്‍ ഉണ്ടെങ്കില്‍ മാത്രമേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സാധിക്കൂ. അതേസമയം പുറത്തുനില്‍ക്കുന്ന സ്വതന്ത്രന്റെ പിന്‍തുണ ഉറപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.