നില തെറ്റിയ രാഷ്ടീയവുമായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നത്, ലീഗിന്റെ രാഷ്ട്രീയ നിലപാടുകൾ നിർണയിക്കുന്നത് അവരാണ് : എം സ്വരാജ്

 

മലപ്പുറം : യുഡിഎഫിനും ജമാഅത്തെ ഇസ്‌ലാമിക്കുമെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എം സ്വാരാജ്. നില തെറ്റിയ രാഷ്ടീയവുമായാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ഇപ്പോൾ രംഗത്തുള്ളത് യുഡിഎഫിന്റെ മൂന്നാമത്തെ ഘടകകക്ഷിയായാണ്. മാത്രമല്ല, മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നേതൃത്വമായും ജമാഅത്തെ ഇസ്‌ലാമി മാറി. നിലവിൽ ലീഗിന്റെ നിലപാടുകളെ നിർണയിക്കുന്ന ശക്തിയായും അവർ മാറിയെന്നും സ്വരാജ് ആരോപിച്ചു. പിഎം ശ്രീ വിഷയത്തിൽ ജോൺ ബ്രിട്ടാസിനെതിരായ ആരോപണത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണ്. മതേതര നിലപാടുള്ളവരെ ആർഎസ്എസ് ചാപ്പ കുത്തുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ എക്കാലത്തെയും നീക്കമാണെന്നും അദ്ദേഹം തുറന്നടിച്ചു.

പീഡന പരാതികൾ ഉയർന്ന് വരുമ്പോൾ, ഉടൻ നടപടിയെടുക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്നും സ്വരാജ് പറഞ്ഞു. മുൻകാലങ്ങളിൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികളും ജയിലിൽ കിടന്നിട്ടുള്ളവരും ഒരു നടപടിക്കും വിധേയരാകാതെ കോൺഗ്രസിൽ തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മാത്രം ഇങ്ങനെയൊരു നടപടി എടുക്കേണ്ടിവന്നത് എന്തുകൊണ്ടെന്ന് കോൺഗ്രസാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.