കണ്ണൂരില്‍ നിന്നും കാണാതായ യുഡിഎഫ് സ്ഥാനാര്‍ത്ഥി യുവാവിനൊപ്പം സ്റ്റേഷനില്‍ കീഴടങ്ങി
കൊട്ടിക്കലാശത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പങ്കെടുത്തിട്ടില്ല.
പ്രദേശത്തെ ഒരു ബിജെപി പ്രവര്‍ത്തകനൊപ്പം സ്ഥാനാര്‍ത്ഥിയായ ടി പി അറുവ പോയി എന്നായിരുന്നു എഫ്ഐആര്‍.
കണ്ണൂരില്‍നിന്നും കാണാതായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി അറുവ മടങ്ങിയെത്തി. ചൊക്ലി സ്റ്റേഷനിലാണ് അറുവയും യുവാവും ഹാജരായത്. മകള്‍ ബിജെപി പ്രവര്‍ത്തകനൊപ്പം പോയെന്നായിരുന്നു മാതാവിന്റെ ആരോപണം. ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മുസ്ലിം ലീഗിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് അറുവ. ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നറങ്ങിയ അറുവയെ പിന്നീട് കാണാതായെന്നായിരുന്നു മാതാവിന്റെ പരാതി. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ ചൊക്ലി പൊലീസില്‍ മാതാവ് പരാതിയും നല്‍കി. പ്രദേശത്തെ ഒരു ബിജെപി പ്രവര്‍ത്തകനൊപ്പം സ്ഥാനാര്‍ത്ഥിയായ ടി പി അറുവ പോയി എന്നായിരുന്നു എഫ്ഐആര്‍.
ഇതിനിടെയാണ് ഇന്നലെ വെകിട്ടോടെ അറുവയും ഒപ്പമുണ്ടായിരുന്ന യുവാവും സ്റ്റേഷനില്‍ ഹാജരായത്. ഇരുവരെയും പൊലീസ് കോടതിയില്‍ ഹാജരാക്കി. സ്ഥാനാര്‍ത്ഥിയെ കാണാതായതോടെ യുഡിഎഫ് പ്രവര്‍ത്തകരും ആശങ്കയിലായിരുന്നു. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാര്‍ത്ഥിയില്ലാതെ പ്രചാരണം നടത്തേണ്ട അനിശ്ചിതത്വത്തിലായിരുന്നു യുഡിഎഫ്. കൊട്ടിക്കലാശത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പങ്കെടുത്തിട്ടില്ല.
അതേസമയം സ്ഥാനാര്‍ത്ഥിയെ കാണാതായതിനു പിന്നില്‍ സിപിഐഎം ആണെന്ന ആരോപണവും പ്രാദേശിക യുഡിഎഫ് നേതൃത്വം ഉന്നയിച്ചിരുന്നു. എന്നാല്‍ സിപിഐഎം ഇത് തള്ളിയിരുന്നു.