വെള്ളക്കടല വേവിക്കാനിട്ട് ഉറങ്ങാന്‍ പോയി, കാര്‍ബണ്‍ മോണോക്‌സൈഡ് മുറികളില്‍ നിറഞ്ഞ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
വിഷപ്പുക ശ്വസിച്ചാണ് ഇരുവരും മരിച്ചിട്ടുള്ളതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
മണിക്കൂറുകള്‍ക്ക് ശേഷമാണ് അയല്‍വാസികള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്റ്റാളില്‍ വില്‍ക്കാനുള്ള ഭക്ഷണമുണ്ടാക്കാന്‍ വെള്ളക്കടല വേവിക്കാനിട്ട യുവാക്കള്‍ക്ക് ദാരുണാന്ത്യം. നോയിഡയിലെ സെക്ടര്‍ 70ലെ ബസായിലെ വാടക വീട്ടില്‍ വച്ചാണ് സംഭവം. ഉപേന്ദ്ര (22), ശിവം (23) എന്നിവരാണ് മരിച്ചത്. സംഭവം നടന്ന ശേഷം മണിക്കൂറുകള്‍ക്ക് ശേഷമാണ് അയല്‍വാസികള്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വന്തമായി ഒരു സ്റ്റാളിട്ട് ഛന്നമസാലയും കുല്‍ച്ചയും കച്ചവടം നടത്തി വരികയാണ് ഇവര്‍. വെള്ളിയാഴ്ച്ച രാത്രിയോടെ വെള്ളക്കടല പാകം ചെയ്യാനായി കുക്കറിലാട്ട് ഉറങ്ങാന്‍ പോയതാകാമെന്നാണ് നിലവില്‍ പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ പറയുന്നത്. യഥാര്‍ത്ഥ പാകം കഴിഞ്ഞിട്ടും വെള്ളക്കടല സ്റ്റൗവില്‍ വേവാനിട്ടിരുന്നതു കൊണ്ട് മുറിയില്‍ പുക നിറഞ്ഞതാകാമെന്നും നോയിഡ സെന്‍ട്രല്‍ സോണ്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രാജീവ് ഗുപ്ത പറഞ്ഞു.
പുക നിറഞ്ഞിരുന്ന സമയത്തും വീടിന്റെ ജനലുകള്‍ അടച്ചിട്ടിരുന്നതിനാല്‍ മുറിയില്‍ ഓക്‌സിജന്‍ ലഭിച്ചിട്ടുണ്ടാവാന്‍ സാധ്യതയില്ല. ഓക്‌സിജന്‍ ദൗര്‍ബല്യവും പുകയുമായി കൂടിച്ചേര്‍ന്ന് വീട്ടില്‍ വലിയ അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാകാന്‍ കാരണമായെന്നും അദ്ദഹം പ്രതികരിച്ചു. വിഷപ്പുക ശ്വസിച്ചാണ് ഇരുവരും മരിച്ചിട്ടുള്ളതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
മണിക്കൂറുകള്‍ക്ക് ശേഷവും വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികള്‍ വീടിന്റെ വാതില്‍ തകര്‍ത്ത് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ നോയ്ഡ സെക്ടര്‍ 39 ലെ ജില്ലാ ആശുപത്രിയിലെത്തുമ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. മരിച്ച യുവാക്കളുടെ ശരീരത്തില്‍ മുറിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്