ഒരു കല്ലറയില്‍ രണ്ട് മൃതദേഹം കണ്ട സംഭവം; സംശയവുമായി വിലങ്ങാട് സ്വദേശിയുടെ ബന്ധുക്കള്‍

സംഭവത്തില്‍ പള്ളി വികാരി തന്നെ കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് സിജോയുടെ കുടുംബം രംഗത്തുവന്നത്.

 

ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട മൃതദേഹം, പത്ത് വര്‍ഷം മുമ്പ് കാണാതായ കോഴിക്കോട് വിലങ്ങാട് വായാട് സ്വദേശി സിജോ സ്‌കറിയയുടേതാണെന്ന സംശയവുമായി ബന്ധുക്കള്‍ രംഗത്തെത്തി.

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ പൊതുകല്ലറയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട മൃതദേഹം, പത്ത് വര്‍ഷം മുമ്പ് കാണാതായ കോഴിക്കോട് വിലങ്ങാട് വായാട് സ്വദേശി സിജോ സ്‌കറിയയുടേതാണെന്ന സംശയവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പൊതുകല്ലറയില്‍ നേരത്തെ സംസ്‌കരിച്ച മൃതദേഹത്തിന് സമീപം പായയില്‍ പൊതിഞ്ഞ നിലയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ പള്ളി വികാരി തന്നെ കല്ലറ തുറന്ന് പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അന്വേഷണം ആവശ്യപ്പെട്ട് സിജോയുടെ കുടുംബം രംഗത്തുവന്നത്.
2014-ല്‍ കുടുംബവുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സിജോ ഭാര്യക്കൊപ്പം അവരുടെ നാടായ കരിക്കോട്ടക്കരി വാണിയപ്പാറയിലേക്ക് പോയതായിരുന്നു. പിന്നീട് മാതാപിതാക്കളുമായോ ബന്ധുക്കളുമായോ സിജോ യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. തുടര്‍ന്ന് 2020-ലാണ് സിജോയെ ഭാര്യവീട്ടില്‍ നിന്നും കാണാതായെന്ന വിവരം ബന്ധുക്കള്‍ അറിയുന്നത്. അന്ന് കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ തുമ്പൊന്നും ലഭിച്ചിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ കല്ലറയിലുള്ള മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്നാണ് സിജോയുടെ മാതാവ് ത്രേസ്യാമ്മ സ്‌കറിയയും കുടുംബവും ആവശ്യപ്പെടുന്നത്.

അതേസമയം, കല്ലറയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതില്‍ അസ്വാഭാവികതയില്ലെന്നും സെമിത്തേരി നവീകരണത്തിനിടെ കല്ലറയുടെ നമ്പറുകള്‍ മാറിയതുമൂലമുള്ള ആശയക്കുഴപ്പമാണെന്നുമാണ് കരിക്കോട്ടക്കരി പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ കല്ലറയില്‍ 2006-ലും 2015-ലും മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു. 2015-ല്‍ അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പായയില്‍ പൊതിഞ്ഞാണ് സംസ്‌കരിച്ചതെന്നും ഇതിന്റെ ചിത്രങ്ങളും ബന്ധുക്കളുടെ മൊഴികളും പരിശോധിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. എങ്കിലും വിലങ്ങാട് നിന്നും പുതിയ പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഈ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.