തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം ; പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

 

തിരുവനന്തപുരം: അമ്പലമുക്കില്‍ അലങ്കാര ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രനെതിരെ കുറ്റപത്രം സമർപ്പിച്ചു. വിനീതയുടെ സ്വർണമാല മോഷ്‌ടിക്കാനാണ് തമിഴ്‌നാട്‌ സ്വദേശി രാജേന്ദ്രൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് 85ആമത്തെ ദിവസമാണ് പേരൂർക്കട പോലീസ് കുറ്റപത്രം നൽകിയത്. കൊടുംക്രിമിനലായ പ്രതി രാജേന്ദ്രൻ ഇപ്പോഴും ജയിലിലാണ്.

ഫെബ്രുവരി 6 ഞായറാഴ്‌ചയാണ് ജോലി സ്‌ഥലത്ത് വെച്ച് വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ചെടിച്ചെട്ടി വാങ്ങാനെന്ന വ്യാജേന കടയിലേക്ക് എത്തിയ രാജേന്ദ്രൻ വിനീതയെ ആക്രമിക്കുകയായിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് പ്രതി ഇവിടേക്ക് എത്തിയത്. മറ്റൊരു സ്‌ത്രീയെ പിന്തുടർന്ന് എത്തിയ രാജേന്ദ്രൻ വിനീത കടയിൽ ഒറ്റക്ക് നിൽക്കുന്നത് കണ്ടാണ് അവിടേക്ക് ചെന്നത്. വിനീത നിലവിളിച്ചതോടെ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് വിനീതയുടെ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തി. ശേഷം മരണം ഉറപ്പിക്കാനായി സമീപത്തെ പടിക്കെട്ടിലിരുന്ന് വിനീത പിടഞ്ഞ് മരിക്കുന്നത് രാജേന്ദ്രൻ നോക്കിയിരുന്നു.

മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയും മൃതദേഹം ടാർപോളിൻ കൊണ്ട് മൂടുകയുമായിരുന്നു. തുടർന്ന് ഇയാൾ തമിഴ്‌നാട്ടിലേക്ക് കടക്കുകയും ചെയ്‌തു. സിസിടിവി ദൃശ്യങ്ങൾ വഴിയാണ് പോലീസ് ഇയാളിലേക്ക് എത്തിയത്.