ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ കയറി ; ചോദ്യം ചെയ്തതിന് ഫറോക്കിൽ വച്ച് ടിടിഇയെ മർദ്ദിച്ച് യുവതി 

ട്രെയിനിനുള്ളിൽ ടിടിഇ ക്ക് മർദ്ദനമേറ്റെന്ന് പരാതി. പട്ടിത്തറ സ്വദേശിനി ശ്രുതി(30)ക്കെതിരെയാണ് പാലക്കാട് ഡിവിഷനിലെ ഷൊർണ്ണൂർ ടീമിലെ ടിടിഇ എസ് സുജിത്(38) പരാതി നൽകിയത്. മംഗളൂരു-തിരുവന്തപുരം എക്‌സ്പ്രസ്സിൽ ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു യുവതി.

 

 ഷൊർണൂർ: ട്രെയിനിനുള്ളിൽ ടിടിഇ ക്ക് മർദ്ദനമേറ്റെന്ന് പരാതി. പട്ടിത്തറ സ്വദേശിനി ശ്രുതി(30)ക്കെതിരെയാണ് പാലക്കാട് ഡിവിഷനിലെ ഷൊർണ്ണൂർ ടീമിലെ ടിടിഇ എസ് സുജിത്(38) പരാതി നൽകിയത്. മംഗളൂരു-തിരുവന്തപുരം എക്‌സ്പ്രസ്സിൽ ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു യുവതി.

തിങ്കളാഴ്ച രാത്രി ഏഴരയോടെ ഫറോക്കിൽ വെച്ചാണ് സംഭവം. ഫറോക്കിൽ നിന്നും കുറ്റിപ്പുറത്തേക്ക് ജനറൽ കംപാർട്ട്‌മെന്റിൽ ടിക്കറ്റെടുത്ത യുവതി റിസർവേഷൻ കോച്ചിൽ കയറി ഇരുന്നു. എന്നാൽ പരിശോധനയ്ക്കിടെ പാലക്കാട് ഡിവിഷനിലെ ടി ടി ഇ സുജിത്ത് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. യുവതിയോട് ഇത് റിസർവേഷൻ കോച്ചാണെന്നും ജനറൽ കോച്ചിലേക്ക് മാറി ഇരിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും യുവതി തർക്കിക്കുകയും തുടർന്ന് മർദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.

ജോലി തടസ്സപ്പെടുത്തിയെന്നും മുഖത്ത് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ഷൊർണ്ണൂർ റെയിൽവെ പൊലീസിൽ ടി ടി ഇ പരാതി നൽകുകയായിരുന്നു. ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടി ടി ഇ അപമര്യാദയായി പെരുമാറി എന്ന് ചൂണ്ടിക്കാട്ടി യുവതിയും ഷൊർണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.