പാഴ്‌സലില്‍ മയക്കുമരുന്നെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമം

ഇറാനിലേക്ക് അയച്ച പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്നും കേസൊതുക്കാന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം. കൊറിയര്‍ സ്ഥാപനത്തില്‍ നിന്നാണെന്ന് പറഞ്ഞാണ് മുംബൈയില്‍നിന്ന് കോള്‍ വന്നത്.
 

പാലക്കാട്: ഇറാനിലേക്ക് അയച്ച പാഴ്‌സലില്‍ മയക്കുമരുന്നുണ്ടെന്നും കേസൊതുക്കാന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം. കൊറിയര്‍ സ്ഥാപനത്തില്‍ നിന്നാണെന്ന് പറഞ്ഞാണ് മുംബൈയില്‍നിന്ന് കോള്‍ വന്നത്. ചിറ്റൂര്‍ ചന്ദനപുറം സ്വദേശി മനുവിനെയാണ് തട്ടിപ്പിനിരയാക്കാന്‍ ശ്രമം നടന്നത്.

മുംബൈയില്‍ നിന്നും ഇറാനിലേക്ക് അയച്ച പാഴ്‌സലില്‍ നിരോധിത ലഹരി മരുന്നായ എം.ഡി.എം.എ. ഉണ്ടെന്നും അത് ഇറാന്‍ കസ്റ്റംസ് തടഞ്ഞു വച്ചിരിക്കുകയാണെന്നും മുംബൈയിലെ കസ്റ്റംസിനെ അറിയിക്കുമെന്നും ഫോണ്‍ വിളിച്ച കൊറിയര്‍ സ്ഥാപനത്തിലെ ആള്‍ പറഞ്ഞു. മുംബൈയിലെത്തി പരാതി നല്‍കാനാണ് കൊറിയര്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടത്. 

എന്നാല്‍ ലോക്കല്‍ സ്റ്റേഷനില്‍ പരാതി നല്‍കുമെന്ന് യുവാവ് അറിയിച്ചതോടെ കോള്‍ കട്ട് ചെയ്യുകയായിരുന്നു. സമാനമായ നിരവധി സംഭവങ്ങളാണ് അടുത്തിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഭവിച്ചത്. ഇതേ വിവരം പറഞ്ഞു മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിപ്പ് സംഘം ഈടാക്കിയിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പും വിര്‍ച്ച്വല്‍ അറസ്റ്റും ഉള്‍പ്പെടെ നടത്തുമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാകുന്നുണ്ട്.