യു.എസ് പ്രസിഡന്റ് ട്രംപിൻറെ മരുമകൻ ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തി ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും ടിഫാനി ട്രംപിന്റെ ഭർത്താവുമായ മൈക്കൽ ബൂലോസ് ഔദ്യോഗിക സന്ദർശനത്തിനായി കേരളത്തിലെത്തി. രാവിലെ ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന അതിഥിയായാണ് അദ്ദേഹം കേരളം സന്ദർശിക്കുന്നത്. ഇന്ന് വൈകീട്ടോടെ അദ്ദേഹം മടങ്ങിയേക്കുമെന്നാണ് വിവരം.
കേരളത്തിലെത്തിയ ബൂലോസ് മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറും ചെന്നൈയിലെ യു.എസ് കോൺസുലേറ്റ് ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ട്. കൊച്ചിയിലെ ചരിത്രപ്രധാനമായ സെന്റ് ഫ്രാൻസിസ് പള്ളിയും മട്ടാഞ്ചേരി ജൂത തെരുവിലെ സിനഗോഗും അദ്ദേഹം സന്ദർശിക്കാൻ സാധ്യതയുണ്ട്. കൂടാതെ കാലാവസ്ഥ അനുകൂലമായാൽ ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്ര നടത്താനും സാധ്യതയുണ്ട്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും മാള മെയ്പ്ലിന്റെയും മകളായ ടിഫാനി ട്രംപിന്റെ ഭർത്താവാണ് ലെബനീസ്-അമേരിക്കൻ വ്യവസായിയായ മൈക്കൽ ബൂലോസ്. 2022 നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ മെയ് മാസത്തിൽ ടിഫാനിക്കൊപ്പം ഇന്ത്യ സന്ദർശിച്ച ബൂലോസ്, ഡൽഹിയിലെ ബി.എ.പി.എസ് സ്വാമിനാരായണ അക്ഷർധാം ക്ഷേത്രവും സന്ദർശിച്ചിരുന്നു.