ശബരിമല സന്നിധാനത്ത് നെയ്യിന് ക്ഷാമമുണ്ടാകാൻ സാധ്യതയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കേ സന്നിധാനത്ത് നെയ്യിന് ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അധികമായി നെയ്യ് സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, അരവണയുടെയും അപ്പത്തിന്റെയും ലഭ്യതയിൽ നിലവിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാനിരിക്കേ സന്നിധാനത്ത് നെയ്യിന് ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. അധികമായി നെയ്യ് സംഭരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതേസമയം, അരവണയുടെയും അപ്പത്തിന്റെയും ലഭ്യതയിൽ നിലവിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രീചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോൾ ക്രമീകരണങ്ങളിൽ ചില പോരായ്മകൾ സംഭവിച്ചതായി ബോർഡ് സമ്മതിച്ചു. അപ്പം നിർമാണത്തിൽ താമസമുണ്ടാകുകയും രാവിലെ രണ്ട് മണിക്കൂറോളം അപ്പം ലഭ്യമാകാതിരിക്കുകയും ചെയ്തിരുന്നു. ചിലയിടങ്ങളിൽ ജലവിതരണത്തിലും തടസ്സമുണ്ടായി. മുൻവർഷത്തെ കരാറുകൾ ഒക്ടോബർ 31-ന് അവസാനിക്കുകയും പുതിയ കരാറുകൾ നിലവിൽ വരുന്നതിലുണ്ടായ കാലതാമസവുമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഈ പോരായ്മകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നവംബർ 17-ന് മണ്ഡലകാല തീർഥാടനം ആരംഭിക്കുന്നതോടെ നെയ്യഭിഷേകവും വഴിപാട് സമർപ്പണവും വർധിക്കും. നിലവിൽ സന്നിധാനത്ത് നെയ്യിന്റെ സ്റ്റോക്ക് കുറവാണെന്നതാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞവർഷത്തെ നെയ്യ് സംഭരണവുമായി ബന്ധപ്പെട്ട കേസുകളും തർക്കങ്ങളും നിലനിൽക്കുന്നതിനാൽ നിയമോപദേശം തേടിയ ശേഷം മാത്രമേ പുതിയ സംഭരണത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.