വീണ്ടും കുരുക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും കേസ്; ബലാത്സംഗക്കുറ്റം ചുമത്തി

യുവതിയില്‍ നിന്ന് മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

 

യുവതി കെപിസിസിക്ക് അയച്ച മെയില്‍ ഡിജിപിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിലും കേസ്. ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിവൈഎസ്പി സജീവനാണ് അന്വേഷണ ചുമതല. യുവതി കെപിസിസിക്ക് അയച്ച മെയില്‍ ഡിജിപിക്ക് ഇന്നലെ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

യുവതിയില്‍ നിന്ന് മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. യുവതിയുള്ള സ്ഥലത്ത് എത്തിയായിരിക്കും മൊഴിയെടുപ്പ്. പ്രാഥമിക വിവര ശേഖരണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

ഇന്നലെയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 23കാരിയായ യുവതി കെപിസിസിക്കും രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും പരാതി നല്‍കിയത്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു യുവതി ഉന്നയിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചു. പൊലീസില്‍ പരാതി നല്‍കാത്തത് ഭയം കാരണമെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേര്‍ന്ന് കാറില്‍ ഹോം സ്റ്റേയില്‍ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കള്‍ക്ക് അയച്ച പരാതിയില്‍ പറഞ്ഞിരുന്നു.