കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു
തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഇതേ ആന തെറ്റിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേർ വീഴുകയും ചെയ്തു. ഉടൻ തന്നെ പാപ്പാൻമാർ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളയ്ക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തിൽ പാപ്പാൻമാരായ അമൽ (28,) ശ്രീക്കുട്ടൻ (25) എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നെഞ്ചിൽ ചവിട്ടേറ്റ രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ മരിക്കുകയായിരുന്നു. പരിക്കേറ്റ ഒന്നാം പാപ്പാൻ ചികിത്സയിലാണ്.