കൊച്ചിയില്‍ ഗതാഗത കുരുക്ക് രൂക്ഷം ; കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു
പ്രശ്‌നപരിഹാരത്തിനായി ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലാണ് കമ്മീഷണറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
നഗരത്തില്‍ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതും മെട്രോ, ദേശീയപാത വികസന ജോലികള്‍ പുരോഗമിക്കുന്നതും നഗരത്തില്‍ കനത്ത വാഹനത്തിരക്കിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ സ്ഥിരമായി കുടുങ്ങിക്കിടക്കുന്ന പ്രധാന ജങ്ഷനുകളും പോയിന്റുകളും കേന്ദ്രീകരിച്ച് തിരക്കൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലാണ് കമ്മീഷണറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ്, ഡിസിപി ഷഹന്‍ഷാ ഐപിഎസ് എന്നിവര്‍ക്ക് പുറമെ പിഡബ്ല്യുഡി, കൊച്ചി മെട്രോ, എന്‍എച്ച്എഐ, കൊച്ചി കോര്‍പ്പറേഷന്‍, കേരള വാട്ടര്‍ അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കൊച്ചി സിറ്റി വെസ്റ്റ്, ഈസ്റ്റ് എസിപിമാരും യോഗത്തില്‍ പങ്കെടുത്തു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇടപ്പള്ളി, പാലാരിവട്ടം, ചേരാനല്ലൂര്‍, ഇടച്ചിറ, വൈറ്റില, തിരുവാങ്കുളം, തേവര, ബോള്‍ഗാട്ടി, പള്ളിമുക്ക്, ഹൈക്കോടതി, കലൂര്‍, കടവന്ത്ര, പച്ചാളം, വാതുരുത്തി എന്നിവിടങ്ങളിലെ തിരക്ക് ഒഴിവാക്കാനായിരുന്നു യോഗം.
പ്രശ്‌നപരിഹാരത്തിനായി ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ഗതാഗത തടസ്സങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതുവരെ കൊച്ചി സിറ്റി പോലീസിന്റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും ഇത്തരത്തില്‍ അവലോകന യോഗങ്ങള്‍ ചേരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.