ഹൈക്കോടതിയുടെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം അവഗണിച്ച് നിലയ്‌ക്കലെ കച്ചവടക്കാര്‍
നിലയ്‌ക്കല്‍: ഹൈക്കോടതിയുടെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധനം അവഗണിച്ച് നിലയ്‌ക്കലെ കച്ചവടക്കാര്‍. നിരോധനം പ്രധാനമായും ലക്ഷ്യമിട്ട പ്ലാസ്റ്റിക്ക് കുപ്പിയിലെ കുടിവെള്ളമാണ് യാതൊരു നിയന്ത്രണവുമില്ലാതെ നിലയ്‌ക്കലില്‍ വിറ്റഴിക്കുന്നത്. പമ്പയിലും സന്നിധാനത്തും പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമായി നടപ്പാക്കാന്‍ വനംവകുപ്പും ദേവസ്വം ബോര്‍ഡും പരിശ്രമിക്കുമ്പോഴാണ് നിലയ്‌ക്കലില്‍ കുപ്പിവെള്ള കച്ചവടവും പ്ലാസ്റ്റിക് നിര്‍മിത കളിപ്പാട്ട കച്ചവടവും പൊടിപൊടിക്കുന്നത്.
കുപ്പിവെള്ളം കൂടാതെ സന്നിധാനത്തും പമ്പയിലും ടെട്രാപാക്കറ്റുകളിലെ ശീതള പാനീയങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും കച്ചവടത്തിന് വിലക്ക് ഉണ്ടെങ്കിലും നിലയ്‌ക്കലില്‍ ഇവയുടെ കച്ചവടവും നിര്‍ബാധം തുടരുകയാണ്. പ്ലാസ്റ്റിക് കുപ്പികളില്‍ നിറച്ച പാനീയങ്ങള്‍ പ്രകൃതിക്കും വന്യജീവകള്‍ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിലും പമ്പയിലും നിലയ്‌ക്കലിലും ഹൈക്കോടതി സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ കോടതി ഉത്തരവിനെ പൂര്‍ണ്ണമായും അവഗണിച്ചുള്ള നടപടിയാണ് നിലയ്‌ക്കലില്‍ നടക്കുന്നത്. കുപ്പിവെള്ള കച്ചവടം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ നിലയ്‌ക്കലിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും വനം വകുപ്പും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുപ്പി വെള്ളവും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും വില്‍ക്കാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശവും നല്‍കി. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കച്ചവട സ്ഥാപനങ്ങളില്‍ ഇവ തിരികെ എത്തി.